
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ അറിയിച്ചു. പത്തനംതിട്ട സ്വദേശികളായ 5 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതിൽ 3 പേർ ഇറ്റലിയിൽനിന്ന് വന്നവരൂം 2 പേർ ബന്ധുക്കളുമാണെന്നാണ് റിപ്പോർട്ട്. തിരുവനന്തപുരത്ത് യോഗം ചേര്‍ന്നശേഷമാണ് ആരോഗ്യ വകുപ്പ് മന്ത്രി വാര്‍ത്താസമ്മേളനം വിളിച്ച് ഇക്കാര്യം പറഞ്ഞത്.
പത്തനംതിട്ടയിലെ ജനറല്‍ ആശുപത്രിയില്‍ ഇവരിപ്പോള്‍ ചികിത്സയിലാണ്. ഇന്നുപുലര്‍ച്ചയോടെയാണ് കൊറോണ ഇവര്‍ക്ക് സ്ഥിരീകരിച്ചു എന്ന റിപ്പോര്‍ട്ട് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് കിട്ടിയത്.
ഏതാനുംദിവസങ്ങൾ മുമ്പാണ് 55 കാരനായ ആളും ഭാര്യയും 22 വയസുള്ള മകനും ഇറ്റലിയില്‍ നിന്നും വന്നത്. ഇയാളുടെ സഹോദരന് പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് കൊറോണയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയത് എന്നാണ് റിപ്പോർട്ടുകൾ.
തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഇവരുമായി ബന്ധപ്പെട്ട് ഇറ്റലിയില്‍ നിന്നും വന്നവരേ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. ഇവരുടെ സ്രവങ്ങള്‍ കൂടുതൽ പരിശോധനക്ക് അയക്കുകയായിരുന്നു. ഇവരുമായി അടുത്ത് ഇടപഴകിയവർ ഇപ്പോൾ നിരീക്ഷണത്തിലാണ്. മുൻപ് 3 പേര്‍ക്ക് കേരളത്തില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു.