
കൊച്ചി: പാലാരിവട്ടം അഴിമതി കേസിൽ ഇബ്രാഹിം കുഞ്ഞിനെ പ്രതിചേര്‍ത്ത് കോടതിയില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കി. ക്രമക്കേടില്‍ ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് വെളിപ്പെടുത്തുന്ന മൊഴികളും രേഖകളും സഹിതം നടത്തിയ ചോദ്യംചെയ്യല്‍ മണിക്കൂറോളം നീണ്ടിട്ടും, ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന മറുപടിയാണ് ആവര്‍ത്തിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
നേരത്തെ തന്നെ ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാൻ അനുമതി നല്‍കിയിരുന്നു. ഇതിനുശേഷം, രണ്ടാം വട്ടവും വിജിലന്‍സ് സംഘം മുൻ യുഡിഎഫ് മന്ത്രി ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തു.
പൂജപ്പുര വിജിലന്‍സ് സ്പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ യൂണിറ്റ് ആസ്ഥാനത്തായിരുന്നു ഫെബ്രുവരി 29 ന് പകല്‍ ചോദ്യം ചെയ്തത്. ആദ്യ ചോദ്യംചെയ്യലില്‍ ഇബ്രാഹിംകുഞ്ഞ് നൽകിയ മൊഴിയില്‍ വൈരുധ്യമുള്ളതിനാലാണ് രണ്ടാം വട്ടവും വിജിലൻസ് ചോദ്യം ചെയ്തത്. എന്നാൽ പുതിയ മൊഴിയിലും പൊരുത്തക്കേടുകൾ ഏറെയുണ്ടായിരുന്നു.