
പൊന്നാനി: കോവിഡ് 19 വൈറസിനെ പ്രതിരോധിക്കാനുള്ള നല്ല പാഠം പകർന്ന് ബിയ്യം ജുമാ മസ്ജിദ്. രോഗ പ്രതിരോധത്തിനുള്ള മുൻകരുതലുകൾ സ്വീകരിച്ചാണ് ബിയ്യം ജുമാ മസ്ജിദ് മാതൃകയാവുന്നത്.
പള്ളിയിൽ നിസ്ക്കരിക്കാനെത്തുന്നവർക്ക് കൈയും മുഖവും സോപ്പുപയോഗിച്ച് വൃത്തിയാക്കുന്നതിനായി ബോക്സുകളിൽ ടോയ് ലറ്റ് സോപ്പുകളും, ഹാന്റ് വാഷും, വുളു എടുക്കാൻ പള്ളിയിലെ ഹൗളുകളിലെ വെള്ളം പൂർണ്ണമായും ഒഴിവാക്കി ടാപ്പുകൾ മാത്രം. ശീതീകരിച്ച അകത്തേ പള്ളിയിലെ കാർപറ്റുകൾ ഒഴിവാക്കി രോഗാണുക്കൾ പറ്റിപ്പിടിക്കാതിരിക്കാൻ റെക്സിൻ വിരിച്ചുള്ള നമസ്ക്കാര സൗകര്യം.
എല്ലാ ദിവസവും ഇശാ നമസ്കാര ശേഷം കീടനാശിനി ഉപയോഗിച്ച് വൃത്തിയാക്കുന്നതിനുള്ള സംവിധാനവും. മഗ് രിബ് നമസ്കാരങ്ങൾക്ക് ശേഷം ശുചിത്വ പൂർണ്ണമായ ആരോഗ്യ ശീലങ്ങളെ കുറിച്ചുള്ള മഹല്ല് ഖത്വീബിൻ്റെ ഉദ്ബോധനവും.മറ്റു മഹല്ലുകൾക്ക് മാതൃകയാക്കാവുന്ന സംവിധാനങ്ങളാണ് പൊന്നാനി ബിയ്യം ജുമാ മസ്ജിദിൽ ഒരുക്കിയിട്ടുള്ളത്.
ദിനംപ്രതി യാത്രക്കാരുൾപ്പെടെ ധാരാളം പേർ നമസ്കാരത്തിനും, പ്രാഥമികാവശ്യങ്ങൾക്കും ആശ്രയിക്കുന്ന പള്ളിയിലെത്തുന്നവരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുകയാണ് ബിയ്യം മഹല്ല് കമ്മറ്റി ഭാരവാഹികൾകോവിഡ് 19 വൈറസുകൾ സൃഷ്ടിക്കുന്ന ആശങ്കകൾ ദൂരീകരിക്കുന്നതിന് സർക്കാറും ആരോഗ്യ വകുപ്പും സ്വീകരിക്കുന്ന അതി ജാഗ്രതാ മുൻകരുതലുകളെ ഗൗരവപൂർവ്വം കണക്കിലെടുത്താണ് പൊന്നാനി ബിയ്യംമഹല്ല് കമ്മറ്റി സുരക്ഷാ നടപടികൾ കൈക്കൊണ്ടത്.സമൂഹത്തിന് ഒരു നല്ല സന്ദേശം നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികളും പറയുന്നു