
കൊച്ചി: പണമടങ്ങിയ പഴ്സ് കാണാതായി. കൊറോണ ഭീതിയിൽ ജനം അകറ്റിനിർത്തി. ഭക്ഷണം പോലും വാങ്ങാൻ പണമില്ലാതെ 3 വയസുകാരനുമായി ഒറ്റപ്പെട്ട വിദേശ വനിതയ്ക്ക് താങ്ങായി കളമശ്ശേരി പൊലീസ്. എറണാകുളത്തെ മെഡിക്കൽ കോളേജിനു സമീപത്തു നിന്നാണ് ഫ്രഞ്ച് സ്വദേശിയായ ഡെസ്മാസുർ ഫ്ലൂറിനെ യും 3 വയസ്സുള്ള മകനേയും പോലീസ് കണ്ടെത്തുന്നത്.
ഐസൊലേഷൻ വാർഡിൽ നിന്നും ചാടിപ്പോയ കുട്ടിയും വിദേശവനിതയും മെഡിക്കൽ കോളേജിന്റെ പരിസരത്തുണ്ടെന്ന് പോലീസിനു ലഭിച്ച സന്ദേശത്തെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്.
പേഴ്സ് നഷ്ടപ്പെട്ടതോടെ വിശന്നുവലഞ്ഞ് ആരും സഹായിക്കാനില്ലാതെ പ്രതീക്ഷ നഷ്ടപ്പെട്ട നിലയിലായിരുന്നു ഇവരെന്ന് പോലീസ് വ്യക്തമാക്കി. കൊറോണയുടെ പശ്ചാത്തലത്തിൽ തങ്ങളെ ആളുകൾ ഭയത്തോടെയാണ് കാണുന്നത്. ഞങ്ങൾക്ക് കൊറോണയില്ലെന്നും യുവതി വ്യക്തമാക്കി. തുടർന്ന് കളമശ്ശേരി പോലീസ് കുട്ടിയ്ക്കും അമ്മയ്ക്കും ഭക്ഷണം വാങ്ങിനൽകി.
കഴിഞ്ഞ ഒക്ടോബറിൽ രാജ്യത്ത് എത്തിയവരാണ് ഇവർ. വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തിയ ശേഷമാണ് ഇവർ എറണാകുളത്ത് എത്തിയത്. കൂടെയുണ്ടായിരുന്ന മാതാവിനെ നാട്ടിലേക്കയക്കാൻ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയതായിരുന്നു ഇവർ.
രണ്ടാഴ്ചയോളമായി വർക്കലയിൽ ആയിരുന്നെന്ന് ഇവർ വ്യക്തമാക്കിയതോടെ ആരോഗ്യവിഭാഗം ഇവരെ എറണാകുളം മെഡിക്കൽ കോളേജിലേക്ക് മാറ്റി. തുടർന്ന് പരിശോധനയിൽ ഇവർക്ക് കൊറോണയില്ലെന്ന് കണ്ടെത്തി. ഇതിനിടെയാണ് പഴ്സ് നഷ്ടമായ കാര്യം ഡെസ്മാസ് അറിയുന്നത്.
പോലീസ് ഓഫീസർ രഘുവിന്റെ ഇടപെടലോടെയാണ് പ്രശ്നം പരിഹരിച്ചത്. പുതുച്ചേരിയിലെ ഫ്രഞ്ച് എംബസിയുമായും, ഫോറിൻറീജണൽ രജിസ്ട്രേഷൻ ഓഫീസുമായും രഘു ബന്ധപ്പെട്ടു. തുടർന്ന് എംബസി അധികൃതർ 7500 രൂപ ഉടൻ അയച്ചുനൽകി.
കൊറോണ ബാധിതരാണെന്ന പ്രശ്നം മറ്റ് സ്ഥലങ്ങളിൽ ഉണ്ടാകാതിരിക്കാൻ പോലീസ് ഇടപെട്ട് ആശുപത്രിയിൽ നിന്ന് സർട്ടിഫിക്കറ്റ് വാങ്ങിനൽകി. ശേഷം ഇവരുമായി പോലീസ് എറണാകുളം റെയിൽവേ സ്റ്റേഷനിലേക്കു പോയി. കുട്ടിയ്ക്ക് ചോക്ലേറ്റ് അടക്കം വാങ്ങിനൽകി രഘുവിന്റെ നേത്യത്വത്തിലുള്ള പോലീസ് ടിം ഇവരെ ഉച്ചയ്ക്ക് ഒരുമണിയോടെ ഡൽഹിയിലേക്കു യാത്രയാക്കി.
Content Highlights: kerala police helped women and children