
ന്യൂഡൽഹി: കേരള സർക്കാരിന്റെ കോവിഡ് പ്രതിരോധത്തെ വീണ്ടും അഭിനന്ദിച്ച് സുപ്രീം കോടതി രംഗത്ത്. സംസ്ഥാനം സ്വീകരിച്ച നടപടിയെ ഇത് 2ാം തവണയാണ് സുപ്രീംകോടതി പ്രശംസിക്കുന്നത്.
സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചതിനു പിന്നാലെ അങ്കണവാടി കുട്ടികൾക്കുള്ള പോഷകാഹാരം അടങ്ങിയ ഭക്ഷണം, വീടുകളിലെത്തിക്കാനുള്ള നടപടി മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരം സർക്കാർ സ്വീകരിച്ചിരുന്നു.
കേരളത്തിന്റെ മാതൃകാപരമായ ഈ നടപടിയെയാണ് സുപ്രീംകോടതി അഭിനന്ദിച്ചത്. ചീഫ്ജസ്റ്റിസ് ബോബ്ഡെ അധ്യക്ഷനായിട്ടുള്ള ബെഞ്ചാണ് കേരളത്തിന്റെ മാതൃകയെ പുകഴ്ത്തിയത്.
കുട്ടികൾക്ക് ഉച്ച ഭക്ഷണം കേരളം വീടുകളിൽ എത്തിച്ചുനൽകുകയാണ്. കേന്ദ്രഭരണ പ്രദേശങ്ങളും മറ്റ് സംസ്ഥാനങ്ങളും എന്തുചെയ്യുകയാണെന്ന് അറിയണമെന്നു കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ കേരളത്തിലെ ജയിലുകളിൽ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ഏർപ്പെടുത്തിയ നടപടികളെ എടുത്തു പറഞ്ഞ് സുപ്രീംകോടതി പ്രശംസിച്ചിരുന്നു.
Content highlights: Supreme Court commends Kerala again