
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് കേരള സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ കിറ്റ് വിതരണം ഇന്നുമുതൽ.
5 ദിവസത്തിനകം എല്ലാവർക്കും തന്നെ റേഷൻ നൽകാനാണ് സർക്കാരിന്റെ നീക്കം. അഞ്ചിൽ കൂടുതൽ പേർ ഒരേസമയം ക്യൂവിലോ കടയ്‌ക്കു മുന്നിലോ നിൽക്കാൻ പാടില്ല.
റേഷൻ വാങ്ങാനായി റേഷൻ കാർഡിന്റെ അവസാന അക്കങ്ങളുടെ അടിസ്ഥാനത്തിലാണ് ക്രമീകരണം.
5 ദിവസത്തിനകം വാങ്ങാൻ ആകാത്തവർക്ക് പിന്നീടും റേഷൻ ക്രമപ്രകാരം വാങ്ങാനാകും. വരുന്ന ഞായറാഴ്‌ചയും റേഷൻ കട പ്രവർത്തിക്കും. രാവിലെ മുതൽ ഉച്ചവരെ മുൻഗണനാ വിഭാഗക്കാർക്കും. ഉച്ചയ്‌ക്കുശേഷം മുൻഗണനേതര വിഭാഗങ്ങൾക്കും റേഷൻ സാധനങ്ങൾ ലഭിക്കും.
മുൻഗണനാവിഭാഗത്തിന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 5കിലോ അരി ഏപ്രിലിൽ തന്നെ ലഭിക്കും. കേരള സർക്കാർ പ്രഖ്യാപിച്ച 1000 രൂപയുടെ സൗജന്യ കിറ്റിന്റെ വിതരണവും ഈ മാസം ആദ്യവാരം ആരംഭിക്കും.
റേഷൻ കടകളിൽ വരുന്നവർ അവിടെയുള്ള സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകിയ ശേഷം മാത്രമേ സാധനങ്ങൾ വാങ്ങാവു. ജലദോഷമോ പനിയോ ഉള്ളവർ കടകളിൽ വരരുതെന്നും സർക്കാരിന്റെ നിർദേശമുണ്ട്. റേഷനായി കടയിൽ നേരിട്ടെത്താൻ കഴിയാത്തവർക്ക് വീടുകളിലെത്തിക്കും. റേഷൻ കാർഡില്ലാത്തവർക്ക് ആധാർ ഫോൺ നമ്പറുകൾ നൽകി സത്യവാങ്മൂലം റേഷൻ കടകളിൽ നൽകണം.
റേഷൻ ലഭിക്കുക ഇങ്ങനെ
സൗജന്യ റേഷൻ വാങ്ങാം അവസാന നമ്പർ ക്രമത്തിൽ
●ബുധൻ – 0, 1
●വ്യാഴം – 2, 3
●വെള്ളി – 4, 5
●ശനി – 6, 7
●ഞായർ – 8, 9
വിതരണം ഇങ്ങനെ
മഞ്ഞ കാർഡ്–- 35 കിലോവീതം,
നീല, വെള്ള കാർഡുടമകൾക്ക് 15 കിലോവീതം
പിങ്ക് കാർഡ് ആൾക്ക് അഞ്ച് കിലോവീതം,
സമയം
മഞ്ഞ, പിങ്ക് കാർഡുടമകൾക്ക് – രാവിലെ 9 മുതൽ 1 വരെ
നീല, വെള്ള കാർഡുടമകൾക്ക് – പകൽ 2 മുതൽ 5 വരെ