
പൊന്നാനി:കൊറോണക്കാലത്ത് വീട്ടിനുള്ളിൽനിന്ന് പ്രതീക്ഷകളുടെ കഥ പറയാനും കഥ കേൾക്കാനും സ്റ്റോറി ടെലിങ്ങ് ചാലഞ്ചുമായി പൊന്നാനിയിലെ ക്ലേ പ്ലേ ഹൗസ്.പൊന്നാനി കേന്ദ്രമായി പ്രവർത്തിക്കുന്ന അമേച്ചർ നാടക സംഘമാണ് ക്ലേ പ്ലേ ഹൗസ്.
സാഹിത്യ പാരമ്പര്യമുള്ള സിനിമാ നടൻമാർ മുതൽ കഥാകൃത്തുക്കൾവരെ കഥ പറയാനുണ്ട്. ഒരിടത്തൊരിടത്ത് ഒരു മുയലിന്റെ കഥയുമായി ഒരാൾ വരുമ്പോൾ കഥയുടെ ബാക്കിപറയാൻ പൊന്നാനിയിൽ നിന്ന് മാത്രമല്ല കോഴിക്കോടുനിന്നും ജർമ്മനിയിൽ നിന്നുമടക്കം കാത്തിരിപ്പാണ്.
ആർക്കും പറയാം കഥകൾ.ഓൺലൈനിൽ ഒന്നിനുപിറകെ ഒന്നായുള്ള തീരാ കഥകളാണ്.പല നാടുകളിൽനിന്ന് പലപല രാജ്യങ്ങളിൽനിന്നുമാണ് മലയാളികൾ കഥ പറയുന്നതും കേൾക്കുന്നതും.ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ കുട്ടികളും മുതിർന്നവരും വീട്ടിനുള്ളിൽ കഴിയുന്ന സാഹചര്യത്തിലാണ് കഥ പറച്ചിൽ എന്ന ഉദ്യമം ആരംഭിച്ചതെന്ന് തിരക്കഥാകൃത്തും നാടക സംവിധായകനുമായ റിയാസ് പറഞ്ഞു. അമ്മക്കും കുഞ്ഞിനും അച്ഛനും ഒന്നിച്ചും, കുട്ടികൾക്ക് ഒറ്റക്കും കഥ പറയാം. ഇതെല്ലാം എഡിറ്റ് ചെയ്ത് ഒന്നാക്കി ക്ലേ പ്ലേ ഹൗസ് ഫേസ്ബുക്ക് പേജിലോ വാട്സ്ആപ്പ് കൂട്ടായ്മയിലോ ഇടും. കഥ പറയാനുള്ളവർക്ക് ഇത് കേട്ട് തുടർകഥ പറയാം. വാട്സ്ആപ്പിൽ 9495595559 എന്ന നമ്പറിൽ ബന്ധപ്പെട്ടാണ് മൂന്നുമിനിറ്റിൽ കൂടാതെയുള്ള കഥകൾ അയക്കുന്നത്. ഇതുവരെ 35 ലധികം കഥകൾ ലഭിച്ചിട്ടുണ്ട്.
തുടക്കം മുതൽ അവസാനം വരെ പല കഥാപാത്രങ്ങൾ,പലവഴികൾ, പല നാടുകളിൽ നിന്നുള്ള കഥയുടെ ഒഴുക്ക് ഭാവനയുടെ വേറിട്ടൊരു യാത്ര സമ്മാനിക്കുമെന്നാണ് ഈ കഥപറച്ചിൽ ചാലഞ്ചിന്റെ പ്രത്യേകത.