
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്ക്ഡൗൺ ഉത്തരവ് അടക്കം ലംഘിച്ച് ബിജെപിയുടെ സംസ്ഥാന പ്രസിഡൻ്റായ സുരേന്ദ്രൻ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് നടത്തിയ യാത്ര വിവാദത്തിൽ. താൻ അനുമതിയോടെയാണ് യാത്ര നടത്തിയതെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ അവകാശവാദം. സുരേന്ദ്രന്റെ യാത്ര സേവഭാരതിയുടെ പേരിൽ സംഘടിപ്പിച്ച പാസിലാണെന്നാണ് സപെഷ്യൽ ബ്രാഞ്ചിന് കിട്ടിയിരിക്കുന്ന വിവരമെന്ന് ഏഷ്യനെറ്റ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.
നരേന്ദ്രമോദി ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ കോഴിക്കോട് വീട്ടിൽ കഴിഞ്ഞിരുന്ന സുരേന്ദ്രൻ ഇന്നലെ തിരുവനന്തപുരത്ത് വാർത്താ സമ്മേളനം നടത്തിയതോടെയാണ് ലംഘനം കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. അതേസമയം സേവാഭാരതി ചാരിറ്റിക്കായി യാത്രാ പെർമിറ്റ് എടുത്ത വാഹനത്തിൻ്റെ മറവിലാണ് സുരേന്ദ്രന്റെ സഞ്ചാരമെന്നും റിപ്പോർട്ടുണ്ട്.
ലോക്ക് ഡൗൺ കാലത്ത് നിങ്ങളിപ്പോൾ എവിടെയാണോ കഴിയുന്നത് അവിടെ തന്നെ കഴിയണമെന്നാണ് മോദിയുടെ ഉത്തരവ്. കഴിയുന്നതും ആരും വീടുകളിൽ നിന്ന് പുറത്ത് പോകരുതെന്നും. അത്യാവശ്യ കാര്യങ്ങൾക്കു മാത്രമേപുറത്തിറങ്ങാവു. മോദിയുടെ വാക്കുകൾ ബിജെപി സംസ്ഥാന പ്രസിഡന്റ് തന്നെ വാർത്താ സമ്മേളനം നടത്തി അട്ടിമറിച്ചിരിക്കുകയാണ്.
അതേസമയം കോവിഡ് തീവ്രബാധിത പ്രദേശമായ കോഴിക്കോട് നിന്നും തിരുവനന്തപുരം ജില്ലയിലേക്ക് യാത്രഅനുമതി പൊലീസ് പ്രമുഖ വ്യക്തികൾക്ക് പോലും നൽകുന്നില്ല. അത്യാവിശ്യ സർവ്വീസുകൾക്ക് മാത്രമാണ് നിയന്ത്രണങ്ങളോടെ പോലീസ് പാസ് നൽകുന്നത്. തിരുവനന്തപുരത്ത് ചികിത്സക്കെത്താൻ പോലും കോഴിക്കോട് കണ്ണൂർ ജില്ലകളിൽ നിന്നുള്ളവർ ബുദ്ധിമുട്ടുമ്പോളാണ് എല്ലാ വിലക്കുകളും ലംഘിച്ച് സുരേന്ദ്രന്റെ യാത്ര.
Content Summary: BJP state president k surendran press conference, In controversy