
തൃശൂർ: കോവിഡ് 19 വ്യാപനത്തിൻ്റെ സാഹചര്യത്തിൽ വിദേശങ്ങളിൽ നിന്നും പ്രവാസികളെ നാട്ടിലെത്തിക്കുമ്പോൾ അവരെ ക്വാറൻറയിൻ ചെയ്യാൻ സൗകര്യമുള്ള ജില്ലയിലെ സുന്നി സ്ഥാപനങ്ങളുടെ ലിസ്റ്റ് കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മറ്റി കളക്ടർക്ക് കൈമാറി.
കേരള മുസ്ലിം ജമാഅത്തിന്റെ യുവജന പ്രസ്ഥാനമായ എസ് വൈ എസിൻ്റെ നേത്യത്വത്തിലുള്ള ഒലീവ് ടീം, സാന്ത്വനം വളണ്ടിയേഴ്സ് മുതലായ സന്നദ്ധ പ്രവർത്തകരുടെ സേവനവും വാഗ്ദാനം ചെയ്തു.
ആപത് ഘട്ടങ്ങളിൽ മുസ്ലിം ജമാഅത്തും സ്വാന്തനം പ്രവർത്തകരും നടത്തിക്കൊണ്ടിരിക്കുന്ന സേവന പ്രവർത്തനങ്ങളെ കളക്ടർ മുക്ത ഖണ്ഠം പ്രശംസിച്ചു.
കോവിഡ്- 19 പ്രതിരോധിക്കുന്നതിനും നാടിൻ്റെ സമ്പത് വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികൾക്ക് സാധ്യമായ മുഴുവൻ സഹായങ്ങളും ലഭ്യമാക്കുന്നതിനുമുള്ള സർക്കാരിൻ്റെയും ജില്ലാ ഭരണ കൂടത്തിൻ്റേയും എല്ലാ പ്രവർത്തനങ്ങൾക്കും കേരള മുസ്ലിം ജമാഅത്ത് സർവ്വ പിന്തുണയും വാഗ്ദാനം ചെയ്തു.
കളക്ടറുടെ ചേംബറിൽ നടന്ന കൂടിക്കാഴ്ചയിൽ ജില്ലാ പ്രസിഡണ്ട് ഫസൽ തങ്ങൾ വാടാനപ്പള്ളി ജനറൽ സെക്രട്ടറി അഡ്വ: പി യു അലി എന്നിവർ സംബന്ധിച്ചു.