
അഴീക്കോട്: 25 ലക്ഷം രൂപ കോഴവാങ്ങിയ കേസിൽ കെ.എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതിയിയി. അഴീക്കോട് ഹയർ സെക്കൻഡറി അനുവദിക്കാൻ 2017 ൽ 25 ലക്ഷംരൂപ വാങ്ങിയെന്ന പരാതിയിലാണ് അന്വേഷണം.
കണ്ണൂരിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ പദ്മനാഭനാണ് കേസിലെ പരാതിക്കാരൻ. പരാതിയിൽ പ്രാഥമിക അന്വേഷണം അടക്കം വിജിലൻസ് നേരത്തെ നടത്തിയിരുന്നു. സ്കൂൾ മാനേജ്മെന്റിന്റെ കെെയ്യിൽ നിന്നും പണംവാങ്ങിയെന്നാണ് പരാതി.
യുഡിഎഫ് ഭരണത്തിൽ ഹയർ സെക്കന്ററി കോഴ്സുകൾ അനുവദിച്ചു നൽകാൻ പൂതപ്പാറയിലെ മുസ്ലിം ലീഗ് കമ്മിറ്റി 25 ലക്ഷം രൂപ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടതായി വിവാദം ഉയർന്നിരുന്നു. കെഎം ഷാജി അന്ന് ഈ തുക നൽകേണ്ടതില്ലെന്ന് മാനേജ്മെന്റിനോട് പറയുകയും ചെയ്തിരുന്നു.
എന്നാൽ സ്കൂളിന് ഹയർസെക്കന്ററി അനുവദിച്ച സമയത്ത് 25 ലക്ഷം രൂപ മുസ്ലിം ലീഗ് എംഎൽഎ കെഎം ഷാജി കൈപ്പറ്റിയെന്നാണ് പരാതിയിലെ ആരോപണം. പ്രാഥമിക അന്വേഷണം കേസിൽ നടത്തി വിജിലൻസ് തുടരന്വേഷണത്തിന് സർക്കാരിനോട് അനുവാദം ചോദിച്ചിരുന്നു. ഇപ്പോൾ സർക്കാർ അനുവാദം നൽകിയതോടെ കേസ് ഉടനെ തന്നെ രജിസ്റ്റർ ചെയ്യും.