
കൊച്ചി: സ്‌കൂളിന് പ്ലസ് ടു കോഴ്സ് അനുവദിച്ചു നൽകാൻ 25 ലക്ഷം രൂപ കോഴ വാങ്ങിയ സംഭവത്തിൽ വിജിലൻസ് തനിക്കെതിരെ അന്വേഷണം ആരംഭിച്ചത് രാഷ്‌ട്രീയ പകപോക്കലെന്ന ലീഗിന്റെയും കെ എം ഷാജിയുടേയും ആരോപണം പൊളിഞ്ഞു.
പ്രസ്തുത കേസിനെ സംബന്ധിച്ച് ഷാജി തന്നെ ഫേസ്ബുക്കിൽ 2017 സെപ്റ്റംബറിൽ പോസ്റ്റ് ചെയ്ത കുറിപ്പിന്റെ സ്ക്രീൻ ഷോട്ട് സോഷ്യൽ മീഡിയയിൽ വെെറലായി മാറിയിരിക്കുകയാണ്. ഇതോടെ പകപോക്കലാണ് പുതിയ കേസിന് പിന്നിലെന്ന ആരോപണം പൊളിഞ്ഞിരിക്കുകയാണ്.
കഴിഞ്ഞ മാസം മാർച്ച് 16നാണ് ഷാജിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി ലഭിച്ചിത്. ഇത് മറച്ചുവെച്ചുകൊണ്ടാണ് ഷാജിയും മുസ്ലിം ലീഗും ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
ഷാജിയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റിൽ അഴിമതിക്കെതിരായ ശബ്ദത്തിൽ ആത്മാർത്ഥ ഉണ്ടെങ്കിൽ വിജിലൻസിനെ കേസ് ഏൽപ്പിക്കണമെന്നാണ് അന്ന് പറഞ്ഞത്. ഇന്ന് അന്വേഷണം തുടങ്ങാൻ തീരുമാനിച്ചതോടെ പഴയ നിലപാടിൽ നിന്ന് ഷാജി അമ്പേ മലക്കം മറിഞ്ഞിരിക്കുകയാണ്.
കേസിന്റെ തുടർ നടപടികൾ നാളുകളായി നടന്നുവരികയായിരുന്നു. കോഴ ആരോപണത്തിൽ കേസ് രജിസ്റ്റർ ചെയ്‌ത് തുടർ അന്വേഷണം നടത്താൻ 05/10/2018 ൽ അനുമതി തേടി വിജിലൻസ് ആന്റി കറപ്ഷൻ ബ്യൂറോ സർക്കാരിന് കത്ത് നൽകിയിരുന്നു.
നിയമസഭാ സെക്രട്ടറിക്ക് 19/11/2019 ആണ് കേസ് എടുക്കാൻ അനുമതി തേടി വിജിലൻസിന്റെ കത്ത് കിട്ടുന്നത്. തുടർന്ന് 13/03/2020 ൽ സ്‌പീക്കർ ശ്രീരാമകൃഷ്ണന്റെ അനുമതിയും ലഭിച്ചു. തുടർന്ന് 16/03/2020 ൽ നിയമസഭാ സെക്രട്ടറിയുടെ അനുമതി ലഭിച്ചത് ഇതിന്റെ രേഖകൾ അടക്കം ദേശാഭിമാനി പത്രം പുറത്ത് വിട്ടിട്ടുണ്ട്.
Content Summary: Muslim league MLA km shaji, vigilance case