
തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് പൂര്‍ണ നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ഈ റമദാൻ കാലത്തും തുടരും. “പ്രാര്‍ത്ഥനകൾക്ക് റമദാന്‍ മാസത്തിലിയ വലിയ തോതിൽ പ്രാധാന്യമുണ്ട്. വിശ്വാസികൾ എല്ലാവരും പള്ളിയിലെത്തുന്ന കാലമാണിത്. രോഗവ്യാപനം മുന്നിൽ കണ്ടുകൊണ്ട് എല്ലാ ആരാധനാലയങ്ങളിലും നിലവിലെ നിയന്ത്രണങ്ങൾ തുടരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വീഡിയോ കോൺഫറൻസിലൂടെ മത നേതാക്കളുമായി ചർച്ച നടത്തി ധാരണയിലെത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.
ജുമാ, നമസ്കാരം ഇഫ്താർ അടക്കം വേണ്ടെന്നു വയ്ക്കാനാണ്. ഈ സാഹചര്യത്തിൽ നല്ലതെന്ന് മതപണ്ഡിതൻമാർ യോഗത്തിൽ അഭിപ്രായപ്പെട്ടു. ദാനധർമാദികൾക്ക് വ്രതകാലം വലിയ പ്രാധാന്യമാണുള്ളത്. പാവങ്ങളെ സഹായിക്കാനായി ഭക്ഷണക്കിറ്റുവിതരണം അടക്കം ചെയ്യുന്നത് സംസ്ഥാനത്ത് പതിവാണ്. ” ഈ കിറ്റ് ഇത്തവണ അര്‍ഹരുടെ വീടുകളിൽ എത്തിക്കുന്നത് വലിയ പുണ്യമാകും”
കൂട്ട പ്രാര്‍ത്ഥനകളും കൂടിച്ചേരലുകളും ഒഴിവാക്കാൻ ഏകകണ്ഠമായാണ് തീരുമാനമായത്. മനുഷ്യനൻമയാണ് എല്ലാ മതങ്ങളുടേയും ലക്ഷ്യമെന്നും കോവിഡ് വ്യാപനം തടയുകയാണ് പരമപ്രധാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കാന്തപുരം അബൂബക്കര്‍ മുസ്ലീയാർ. ആലിക്കുട്ടി മുസ്ലീയാര്‍, തൊടിയൂര്‍ മുഹമ്മദ്കുഞ്ഞി മൗലവി, ടി പി അബ്ദുള്ളക്കോയ മദനി, എം.ഐ അബ്ദുള്‍ അസീസ്, ഇ.കെ അഷ്റഫ്, ഡോ. ഇ കെ അഹമ്മദ് കുട്ടി, കമറുള്ള ഹാജി, ആരിഫ് ഹാജി അഡ്വ എം താജുദ്ദീന്‍, എന്നിവരാണ് സർക്കാരിന്റെ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയൻ മതനേതാക്കളെ അഭിനന്ദിക്കുകയും ചെയ്തു.