
പാറശാല: ആറ് ദിവസത്തെ ശമ്പളം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നൽകാൻ പറഞ്ഞുകൊണ്ടിറങ്ങിയ സർക്കാർ ഉത്തരവ് കത്തിച്ച അധ്യാപകരെക്കുറിച്ച് പ്രതികരിക്കവേ മുഖ്യമന്ത്രി എടുത്തു പറഞ്ഞ സ്കൂൾ വിദ്യാർത്ഥി ആദർശാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ താരം.
വ്ളാത്താങ്കയിലെ വൃന്ദാവൻ സ്കൂളിലെ 9ാം ക്ലാസ് വിദ്യാർഥിയാണ് ആർഎ ആദർശ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5ആം ക്ലാസുമുതൽ സംഭാവന നൽകുന്നുണ്ട്. തന്നാൽ കഴിയുന്ന തുക എല്ലാ മാസവും മണിഓർഡറായാണ് അയച്ച് തുടങ്ങിയത്. പി.ടി രമേശൻ ആശ ദമ്പതികളുടെ മകനായ ആദർശ് രാജ്യത്തെ മികച്ച വിദ്യാർത്ഥികൾക്കുള്ള ബെസ്റ്റ് ഓഫ്ഇന്ത്യ റെക്കോർഡിലും ഇടംനേടിയിട്ടുണ്ട്.
പ്രളയം മറ്റ് ദുരന്തങ്ങളും വന്നതോടെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന നൽകാൻ കേരളത്തിലെ വിദ്യാലയങ്ങളിൽ മണിബോക്സ് സ്ഥാപിക്കുകയെന്ന ആശയം ഉണ്ടായതും. വർഷത്തിൽ ഒരു തവണ ബോക്സിൽ നിന്നും ലഭിക്കുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക് അയക്കുകയും.
കൂടുതൽ തുകസമാഹരിക്കുന്ന സ്കൂളുകൾക്ക് പ്രമുഖ വ്യക്തികളെക്കൊണ്ട് സർക്കാർ ബഹുമതിപത്രം നൽകുക എന്ന ആശയമാണ് ആദർശ് മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്. ധനവകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്ന് നടപടികൾ സ്വീകരിക്കുകയും. സെപ്‌തംബർ 2 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ സ്കൂളുകളിൽ സ്ഥാപിച്ച മണിബോക്സിലൂടെ 2 കോടിക്ക് മേലെ തുകയാണ് ലഭിച്ചത്.
ദുരിതാശ്വാസനിധിയിലേക്ക് തുക കണ്ടെത്താൻ മണിബോക്സ് സ്ഥാപിക്കുകയെന്ന ആശയം പ്രാവർത്തികമാക്കിയ ആദർശിനെ കുറിച്ചും. ദുരിതം അനുഭവിക്കുന്ന ആളുകളെ കുറിച്ചുള്ള സ്കൂൾ കുട്ടികളുടെ കരുതൽ എത്രവലുതാണെന്നും തെളിയിക്കുന്നതാണ് ആദർശിന്റെ ഈ പ്രോജക്‌ടെന്നും പറഞ്ഞ് മുഖ്യമന്ത്രി ഇന്നലെ വീണ്ടും അഭിനന്ദിച്ചിരുന്നു.