
പൊന്നാനി: അബ്ദുൾ റഷീദും കുടുംബവും ഇത്തവണ പെരുന്നാളിന് പുതുവസ്ത്രമണിയില്ല. പെരുന്നാൾ വസ്ത്രത്തിനുള്ള തുക ഡയാലിസിസ് സെന്ററിന് കൈമാറി. റമദാനിൽ മുഹമ്മദ് ഫൈസാനും, നൂർ ഫാദിലക്കും, നൂർ ഫാരിഹക്കും സന്തോഷത്തിന്റെ നാളുകളാണ്. യു.എ.ഇ.യിൽ മാതാപിതാക്കൾക്കൊപ്പംകഴിയുന്ന മൂവർക്കും, റമദാൻ അവധി കാലമാണ്.
പെരുന്നാൾവസ്ത്രങ്ങൾ വാങ്ങാൻ പോകുന്നത് തന്നെ ആഘോഷമാണിവർക്ക്. എന്നാൽ ഈ വർഷം കോവിഡിനെത്തുടർന്ന് സ്കൂൾ നേരത്തെ അടക്കുകയും, ഫ്ലാറ്റിനകത്ത് നിന്ന് പുറത്തിറങ്ങാൻ കഴിയാതാവുകയും ചെയ്തതോടെ തെല്ല് സങ്കടത്തിലാണ് ഈ സഹോദരങ്ങൾ.ഇതിനിടെയാണ് ഈ വർഷത്തെ പെരുന്നാളിന് പുതുവസ്ത്രങ്ങളില്ലെന്ന തീരുമാനം ഉപ്പ മൂവരോടും പറഞ്ഞത്.
ഈ വർഷത്തെ പെരുന്നാൾ വസ്ത്രത്തിന് നീക്കിവെച്ച തുക പൊന്നാനിയിലെ ഡയാലിസിസ് സെന്ററിന് കൈമാറുമെന്ന തീരുമാനത്തിൽ സഹോഭരങ്ങളും ഹാപ്പി. പൊന്നാനി ഈശ്വരമംഗലം സ്വദേശി കുന്നത്ത് വളപ്പിൽ അബ്ദുൾ റഷീദും കുടുംബവുമാണ് ആഘോഷങ്ങൾക്കായുള്ള തുക ഡയാലിസിസ് സെൻററിന് നൽകിയത്.
എല്ലാ വർഷവും റമദാനിലാണ് പൊന്നാനി ഡയാലിസിസ് സെൻററിന് വിഭവ സമാഹരണം നടത്തുന്നത്. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ വാർഡ്തല വിഭവ സമാഹരണം പ്രയാസമായതോടെ നഗരസഭ ചെയർമാൻ നവ മാധ്യമങ്ങൾ വഴി സഹായമഭ്യർത്ഥിച്ചിരുന്നു.
ഇതേത്തുടർന്നാണ് പ്രവാസി വ്യവസായിയായ അബ്ദുൾ റഷീദും കുടുംബവും പെരുന്നാൾ വസ്ത്രത്തിനായി നീക്കിവെച്ച 50,000 രൂപ ഡയാലിസിസ് സെൻററിന് നൽകിയത്. അബ്ദുൾ റഷീദിനും കുടുംബത്തിനും വേണ്ടി വി.വി.ആശിഖ് നഗരസഭ സഭ ചെയർമാൻ സി.പി.മുഹമ്മദ്കുഞ്ഞി, ഡയാലിസിസ് സെന്റർ കോർഡിനേറ്റർ കെ.മുഹമ്മദ് കുട്ടി മാസ്റ്റർ എന്നിവർക്ക് തുക കൈമാറി.