
തിരുവനന്തപുരം: കോവിഡ് നിയന്ത്രണത്തെ തുടർന്ന് അടച്ചിട്ട മദ്യശാലകള്‍ മെയ് 4ന് തുറക്കില്ല. മന്ത്രി ടിപി രാമകൃഷ്ണനാണ് ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. മെയ് നാലുമുതല്‍ മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന രീതിയിൽ ദൃശ്യ മാധ്യമങ്ങളിൽ വന്ന വാർത്തയെക്കുറിച്ച് മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു എക്സൈസ് മന്ത്രി.
അതേസമയം മദ്യശാലകൾ തുറക്കേണ്ടി വന്നാല്‍ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികളാണ് പുറത്തുവന്ന ഉത്തരവിൽ പറയുന്നതെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. ബെവ്കോ എംഡി ബിവറേജസ് ഔട്ട്ലെറ്റുകള്‍ തുറക്കുന്നതിന് തയ്യാറാകാന്‍ മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
തീരുമാനം വന്നാൽ ഷോപ്പുകള്‍ ഉടന്‍ തന്നെ വൃത്തിയാക്കണമെന്നും. കടകളിലേക്ക് വരുന്ന ഉപഭോക്താക്കളെ എല്ലാം തെര്‍മ്മല്‍ മീറ്റര്‍ കൊണ്ട് പരിശോധിക്കണമെന്നും അടക്കം എംഡി നിര്‍ദേശം നല്‍കിയിരുന്നു. അണുനശീകരണ ലായനികളും ഹാന്റ് വാഷിങ് സൗകര്യവും കടകളില്‍ വേണം. സാമൂഹിക അകലം പാലിക്കണം അടക്കം പത്ത് നിര്‍ ദേശങ്ങളാണ് പുറപ്പെടുവിച്ചിരുന്നത്.
മെയ് 3ന് ലോക്ക്ഡൗണ്‍ അവസാനിക്കുന്നതോടെ നാലാം തിയതി മുതൽ മദ്യക്കടകള തുറന്നേക്കുമെന്നായിരുന്നു മാധ്യമങ്ങളിലെ തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍.