
തിരുവനന്തപുരം: സർക്കാരിനൊപ്പം കോവിഡ് പ്രതിരോധത്തിൽ എല്ലാവരും നിന്നപ്പോൾ രാഷ്ട്രീയ താത്പര്യങ്ങൾ ലക്ഷ്യം വെച്ച് ചിലർ പ്രവർത്തിച്ചുവെന്ന് മുഖ്യമന്ത്രി. വരവ് കുറഞ്ഞതും സംസ്ഥാനത്തിന്റെ ചെലവ് വർധിച്ചതും സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തെ ബാധിക്കുന്നതായും പിണറായി വിജയൻ പറഞ്ഞു. കേന്ദ്ര സഹായം അനിവാര്യമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കോവിഡ് ലോക്കഡൗണിൽ സർക്കാരിനോട് ജനങ്ങൾ പൂർണ്ണമായി തന്നെ സഹകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. വരവ് ശോഷിക്കുകയും ചെലവുകൾ വർധിക്കുകയും ചെയ്യുമ്പോൾ സർക്കാരിന്റെ പ്രവർത്തനങ്ങൾ പ്രയാസത്തിലാകും. ആ ഘട്ടം വന്നപ്പോഴാണ് സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കുന്നതടക്കമുള്ള തീരുമാനം സംസ്ഥാനസർക്കാർ എടുത്തത്.
സംസ്ഥാന സർക്കാർ ലോകശ്രദ്ധ തന്നെ പിടിച്ചുപറ്റുന്ന പ്രവർത്തനങ്ങളാണ് ചെയ്തത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായിട്ട് നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ വലിയ തോതിൽ സാമ്പത്തിക ബാധ്യത തന്നെ സർക്കാരിന് സൃഷ്ടിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
നമ്മുടെ നാടിന്റെ വികസന പ്രവർത്തനങ്ങളെ ഈ സാഹചര്യത്തിൽ മുന്നോട്ടു കൊണ്ടുപോവുന്നതിന് സമ്പത്ത് സ്വരൂപിക്കുകയെന്നത് ശ്രമകരമായ ദൗത്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ അടക്കം സജീവ സഹായം സംസ്ഥാനസർക്കാർ പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. ജനജീവൻ രക്ഷിക്കാനാണ് ഏറ്റവും പ്രാധാന്യം സർക്കാർ നൽകുന്നത്. അതോടൊപ്പം സർക്കാർ അവരുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്താനും ശ്രമിക്കുന്നതായും പിണറായി വിജയൻ പറഞ്ഞു.
content highlights: kerala cm Pinarayi Vijayan, Covide 19