
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന് പിന്തുണയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുലക്ഷം രൂപ നല്‍കി മുൻ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടി കെ എ നായര്‍. മന്‍മോഹന്‍സിങ്ങിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും ഉപദേഷ്ടാവായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
കേരളത്തിന്റേത് മാതൃകാപരമായ പ്രവര്‍ത്തനമാണെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ടി കെ എ നായർ പറഞ്ഞു. പെന്‍ഷൻവരുമാനം കൊണ്ടുമാത്രം ജീവിക്കുന്നയാളാണ് ഞാനെന്നും എന്നാൽ കേരളത്തിൽ കോവിഡിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ഉദ്യമത്തില്‍ പങ്കാളിയാകാന്‍ താനും ആഗ്രഹിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ സർക്കാർ പെന്‍ഷന്‍കാരും ജീവനക്കാരും സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കണമെന്നും ടി.കെ.എ നായര്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.
അതേസമയം കോണ്‍ഗ്രസ് നേതാവ് കെ പി വിശ്വനാഥന്‍ 42,000 രൂപയും. യുഡിഎഫ് മുന്‍ കണ്‍വീനര്‍ പി.പി തങ്കച്ചന്‍ 33,500 രൂപയും. കോണ്‍ഗ്രസ് നേതാവ് കെ.എന്‍ കണ്ണോത്ത് 1 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.