
ആലപ്പുഴ : പിണറായി നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാർ ലോകത്തിന് തന്നെ മാതൃകയാണെന്ന് വെള്ളാപ്പള്ളി നടേശൻ. ലോകം തന്നെ കോവിഡ് മഹാമാരിയുടെ മുന്നിൽ വിറങ്ങലിച്ച് നിൽക്കുമ്പോഴാണ് ആത്മവിശ്വാസത്തോടെ കേരളം മുന്നോട്ടുനടക്കുന്നതെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വ്യക്തമാക്കി. ഭരിക്കാനറിയുന്നവർ ഉള്ളതുകൊണ്ടാണ്.
വൻശക്തികളെന്ന് മേനിനടിക്കുന്ന രാജ്യങ്ങൾ അടക്കം എന്തുചെയ്യണമെന്ന് അറിയാതെ നിൽക്കുന്ന അവസ്ഥയിലാണ് കേരളം സംസ്ഥാനം അവർക്കൊക്കെ തന്നെ മാതൃകയാകുന്നതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കേരളമല്ലാതെ ഇതുപോലെ പരിചരണവും കരുതലും നൽകുന്ന മറ്റൊരിടമില്ല. സംസ്ഥാനം നമ്പർവൺ ആണെന്ന് ഓരോമലയാളിക്കും അഭിമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തികമായി പരിമിതി ഉണ്ടെങ്കിലും സാധാരണക്കാർക്ക് അടക്കം ആശ്വാസമേകുന്ന ഒരുപാട് പദ്ധതികളാണ് മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നത്. പ്രഖ്യാപിച്ചതൊക്കെ മുഖ്യമന്ത്രി കൃത്യമായിതന്നെ നടപ്പാക്കുകയും ചെയ്തതായും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സുസജ്ജമായ കേരളത്തിന്റെ ആരോഗ്യ സംവിധാനങ്ങൾ ലോകോത്തര സംവിധാനത്തോട് തന്നെ കിടപിടിക്കുന്ന രീതിയിലാണ്. നമ്മുടെ ആരോഗ്യ പ്രവർത്തകരെ എല്ലാം ഞാൻ മനസ്സിൽ തൊട്ട് അഭിനന്ദിക്കുന്നതായും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു