
കൊച്ചി: സോഷ്യൽ മീഡിയ വഴി അസഭ്യ പരാമര്‍ശങ്ങള്‍ നടത്തിയ നമോ ടിവിയൂടെ അവതാരക അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് നിര്‍ദേശം. ഹൈക്കോടതിയാണ് ഇത് സംബന്ധിച്ച് നിർദ്ദേശം പുറപ്പെടുവിച്ചത്. അവതാരകയോട് 10 ദിവസത്തിനകം ഹാജരാകണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
മൂന്നു വർഷത്തോളം പരമാവധി ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവർ ചെയ്തിരിക്കുന്നത്. ഐ.ടി നിയമപ്രകാരമാണ് ഇവർക്കെതിരെ പോലീസ് കേസെടുത്തത്. തന്നെ സോഷ്യൽ മീഡിയയിൽ കൂടി വിമര്‍ശിച്ചവര്‍ക്കെതിരെ അശ്ലീല അസഭ്യ വാക്കുകള്‍ പറഞ്ഞ് ഇവര്‍ മറുപടി കൊടുക്കുന്ന വീഡിയോ അടക്കം ഏതാനും ആഴ്ചകൾ മുൻപ് സോഷ്യൽ മീഡിയയിൽ വെെറൽ ആയി മാറിയിരുന്നു.
നിലവിലെ കോവിഡ് സാഹചര്യത്തിൽ 7 വർഷംവരെ തടവുലഭിക്കുന്ന കേസുകൾക്ക് മുൻകൂറായി ജാമ്യമനുവദിക്കണമെന്ന് സുപ്രീംകോടതിയുടെ അടക്കം നിർദേശമുണ്ട്. ഈ പശ്ചാത്തലത്തിലാണ് കേസ് അന്വേഷണം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകാൻ കോടതി പറഞ്ഞത്. രണ്ടുജാമ്യക്കാരെ ഹാജരാക്കുകയും ബോണ്ട് അടക്കുകയും വേണം, സമാനമായ രീതിയിൽ കുറ്റം പ്രതി ആവർത്തിക്കരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
അതേസമയം സോഷ്യൽ മീഡിയയിൽ കൂടി വിദ്വേഷ പ്രചരണവും വാക്‌പോരും അവസാനിപ്പിക്കാനായി നിയമനിർമാണം അടക്കം നടത്തണമെന്നും ഈ കേസ് പരിഗണിക്കവെ ഹെെകോടതി നിർദേശം നൽകിയിട്ടുണ്ട്. പൊലീസ് ഇത്തരം സാഹചര്യങ്ങളിൽ ജാഗരൂകരാവണമെന്നും ഡി.ജി.പിയോട് കോടതി നിർദേശിച്ചു.