
തൃശൂർ: വടക്കാഞ്ചേരിയിലെ മന്ത്രി എസി മൊയ്തീൻ്റെ വീടിന് മുന്നിൽ യൂത്ത് കോൺഗ്രസ് നേതാക്കളുടേയും കോൺഗ്രസ് പ്രവർത്തകരുടെയും പ്രതിഷേധം. മൊയ്തീൻ ക്വാറൻ്റൈനിൽ പോകണമെന്ന ആവശ്യമുന്നയിച്ചാണ് യൂത്തൻമാരുടെ പ്രതിഷേധം.
വടക്കാഞ്ചേരി യൂത്ത് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയാണ് പ്രതിഷേധം നടത്തിയത്. അതേസമയം തൃശ്ശൂരിൽ ക്വാറൻ്റൈനിൽ കഴിയുന്ന പ്രമുഖ കോൺഗ്രസ് നേതാവിന്റെ നിർദേശത്തെ തുടർന്നാണ് പ്രതിഷേധം എന്നാണ് റിപ്പോർട്ടുകൾ.
പ്രതിഷേധക്കാരെ മന്ത്രിയുടെ വീടിന് സമീപത്തുവെച്ച് പൊലീസ് ഇടപെട്ട് തടഞ്ഞു. തുടർന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു ഇവരെ സാമൂഹിക അകലം അടക്കം പാലിക്കാത്തതിനാൽ പൊലീസ് അറസ്റ്റ് ചെയ്ത് സ്ഥലത്ത് നിന്നും നീക്കി.
സ്ഥലത്തെ പ്രധാന കോൺഗ്രസ് നേതാവായ അനിൽ അക്കര വാളയാറിൽ പോയി സമരം നടത്തി കോവിഡ് നിരീക്ഷണത്തിൽ കഴിയുകയാണ്. ആ ജാള്യം മറയ്ക്കാനാണ് സമരവുമായി കോൺഗ്രസ് രംഗത്തെത്തിയതെന്ന് സിപിഎം പ്രവർത്തകർ ആരോപിക്കുന്നു.