
തിരുവനന്തപുരം: സർക്കാർ ബാറുടമകളുമായി ഒത്തുകളിക്കുന്നുയെന്ന ആരോപണം പഴയ ശീലംവച്ച് പ്രതിപക്ഷം ഉന്നയിക്കുന്നതാണെന്ന് പിണറായി വിജയൻ. അതൊന്നും തങ്ങൾക്ക് ബാധകമല്ലെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി. ഒത്തുകളിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണം മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോഴാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.
ദുരിതകാലം സംസ്ഥാന കേന്ദ്ര സർക്കാരുകൾ കൊയ്ത്തുകാലമായി മാറ്റുന്നതായുള്ള പ്രതിപക്ഷത്തിന്റെ ആരോപണവും പിണറായി വിജയൻ തള്ളി. ബസ് ചാർജ് വൈദ്യുതി ചാർജ് അടക്കം വർധിപ്പിച്ചു എന്ന ആരോപണവും കേരളം മദ്യശാലയാക്കി മാറ്റുന്നുവെന്നുമുള്ള പ്രതിപക്ഷ ആരോപണവും അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
ബസ്ചാർജ് കൂട്ടുന്നതിൽ എന്താണ് കൊയ്ത്തെന്നും. എന്താണ് സർക്കാരിന് ലാഭമെന്നും മുഖ്യമന്ത്രി ചോദിച്ചു? മൂന്ന് മാസത്തെ ടാക്സ് അടക്കം ഈ സാഹചര്യത്തിൽ നൽകേണ്ടെന്നാണ് ബസുടമകളോട് സർക്കാർ പറഞ്ഞിട്ടുള്ളത്.
പിന്നെങ്ങനെയാണ് കൊയ്ത്ത് നടത്തുന്നതെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തോട് ചോദിച്ചു…? നാടൊരു ദുരന്തത്തെ തന്നെ നേരിടുമ്പോൾ ഇത്തരം നടപടികൾ സ്വീകരിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യാത്രക്കാരെ ബസ്സുകൾക്കുള്ള സീറ്റിങ് കപ്പാസിറ്റിയിൽ കൊണ്ടുപോകാനാവില്ല. പകുതിയാളുകളെ മാത്രമെ കൊണ്ടുപോകാൻ സാധിക്കു. ഈ സാഹചര്യത്തിലാണ് ഉടമകളുടെ അടക്കം നഷ്ടം നികത്താനായി ബസ്ചാർജ് കോവിഡ് കാലത്ത് മാത്രമായി വർധിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
നാട്ടുകാരുടെയും നാടിന്റെയും സൗകര്യത്തിന് വേണ്ടിയാണ് ബസോടിക്കാൻ സംസ്ഥാനം അനുമതി നൽകിയത്. എല്ലാറ്റിനെയും എതിർക്കാൻ മാത്രം തീരുമാനിച്ചുറച്ച് ഇറങ്ങിപ്പുറപ്പെട്ടാൽ ഒന്നും തന്നെ ചെയ്യാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതേസമയം വർദ്ധിച്ച ബസ് ചാർജ് അടക്കം നിശ്ചിത കാലത്തിനകം തന്നെ പഴയ രീതിയിൽ ആകുമെന്നും. ബസ് ചാർജ് വർധിപ്പിക്കില്ലെന്നും സർക്കാർ ഇന്നലെ വ്യക്താക്കി.