സ്വർണക്കടത്ത് കേസ്; അറ്റാഷേ ഇന്ത്യ വിട്ടതിനെക്കുറിച്ച് പ്രതികരിക്കാൻ വിദേശമന്ത്രാലയം തയ്യാറാവാത്തത് ഒളിക്കാനും മറയ്ക്കാനും ഏറെ ഉള്ളതുകൊണ്ട് ; പ്രതിക്കൂട്ടിൽ കേന്ദ്ര ഗവൺമെൻ്റും. ബിജെപിയും എംബി രാജേഷ്

തിരുവനന്തപുരം: യുഎഇ അറ്റാഷേ രാജ്യം വിട്ട സംഭവത്തിൽ ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ വിമർശവുമായി സിപിഐഎം നേതാവ് എംപി രാജേഷ്. അറ്റാഷെ ഇന്ത്യ വിട്ടതിനെ കുറിച്ചുള്ള വാർത്തകളോട് ഒരക്ഷരം പോലും പ്രതികരിക്കാൻ കേന്ദ്ര സർക്കാരോ വിദേശമന്ത്രാലയമോ തയ്യാറാവാത്തത്

അവർക്കൊക്കെ മറയ്ക്കാനും ഒളിക്കാനും ഏറെ ഉള്ളതുകൊണ്ടാണെന്ന് രാജേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ബി.ജെ.പിയും കേന്ദ്ര ഗവൺമെൻ്റുമാണ് ഇപ്പോൾ പ്രതിക്കൂട്ടിൽ നിൽക്കുന്നത്. ഞാൻ പറഞ്ഞ കാര്യങ്ങൾ നിഷേധിക്കാൻ ത്രാണിയുണ്ടെങ്കിൽ അതു ചെയ്യട്ടെയെന്നും രാജേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ

നയതന്ത്ര പരിരക്ഷയെക്കുറിച്ച് ക്ലാസെടുത്തവരുടെ അറിവിലേക്ക്. എംബസികളിലെ നയതന്ത്ര ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കും പൂർണ്ണ നയതന്ത്ര പരിരക്ഷയുണ്ട്. എന്നാൽ കോൺസുലേറ്റുകളിൽ നിയമിക്കപ്പെട്ട നയതന്ത്ര ഉദ്യോഗസ്ഥർക്ക് പൂർണ്ണ പരിരക്ഷയില്ല. പരിമിതമായ നയതന്ത്ര പരിരക്ഷയേയുള്ളൂ. വിയന്ന കൺവെൻഷൻ പ്രകാരം 1961, 1963) കോൺസുലേറ്റിൽ നിയമിക്കപ്പെട്ട നയതന്ത്ര ഉദ്യോഗസ്ഥരെ ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് പ്രോസിക്യുട്ട് ചെയ്യാം. അതായത് വിയന്ന കൺവെൻഷൻ എംബസികളിലേയും കോൺസുലേറ്റു കളിലേയും ഉദ്യോഗസ്ഥർക്ക് സമാനമായ പരിരക്ഷ നൽകുന്നില്ല.

തിരുവനന്തപുരത്തുള്ളത് UAE യുടെ കോൺസുലേറ്റാണ്, അറ്റാഷേക്ക് പൂർണ്ണ പരിരക്ഷയില്ല. അതുകൊണ്ടാണ് കസ്റ്റംസ് കമ്മീഷണർ ജൂലായ് 8 ന് അറ്റാഷേയിൽ നിന്ന് കസ്റ്റംസ് ആക്ട് 108 പ്രകാരം മൊഴിയെടുക്കുമെന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞത്. NIA അറ്റാഷേ യെ ചോദ്യം ചെയ്യാൻ ഇന്ത്യൻ വിദേശകാര്യ വകുപ്പിൻ്റെ അനുമതി തേടാനും കാരണമിതാണ്.NIA യും കസ്റ്റംസും നയതന്ത്ര പരിരക്ഷയെക്കുറിച്ച് അറിവില്ലാത്തവരല്ലല്ലോ.
ഇനി ചില സംഭവങ്ങൾ കൂടി ചൂണ്ടിക്കാട്ടാം.
1.2015ൽ ഒരു ഇന്ത്യൻ വനിതയെ ബലാൽസംഗം ചെയ്ത കുറ്റത്തിന് ഗുർഗാവ് പോലീസ്, സൗദി എംബസി ഉദ്യോഗസ്ഥനെതിരായ അന്വേഷണത്തിനായി ,പൂർണ്ണ പരിരക്ഷ ഉണ്ടായിട്ടും അയാളുടെ വീട്ടിൽ കയറിയിട്ടുണ്ട്.

2. ദേവയാനി ഖോബ്രഗ ഡെ കേസിൽ അമേരിക്ക അവരെ അറസ്റ്റ് ചെയ്യാൻ കാരണം അവർ കോൺസുലേറ്റിൽ ജോലി ചെയ്തിരുന്നയാളെന്ന നിലയിൽ പരിമിത പരിരക്ഷ മാത്രമാണുണ്ടായിരുന്നത് എന്നതുകൊണ്ടാണ്.അവരെ രക്ഷിക്കാൻ ഇന്ത്യ ചെയ്തത് ഉടനടി എംബസി പദവിയുള്ള ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിലേക്ക് സ്ഥലം മാറ്റുകയാണ്. അതിലൂടെ അവർക്ക് പൂർണ്ണ പരിരക്ഷ ലഭ്യമാക്കുകയാണുണ്ടായത്. വിസ ചട്ടലംഘനം എന്ന താരതമ്യേന ലഘുവായ കുറ്റമായിരുന്നു എന്നോർക്കണം.

3. 2011 ൽ ബ്രിട്ടനിലെ ഇന്ത്യയുടെ മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥൻ അനിൽ വർമ്മയെ സ്കോട്ലൻ്റ് യാർഡ് പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. ഭാര്യയെ തല്ലിയതായിരുന്നു കേസ് . എന്നിട്ടാണ് രാജ്യദ്രോഹത്തിന് അന്വോഷണം നടക്കുന്ന കേസിൽ കോൺസുലേറ്റ് അറ്റാഷേ എന്ന നിലയിൽ പരിമിത പരിരക്ഷ മാത്രമുള്ളയാളെ ചോദ്യം ചെയ്യാനോ വിവരശേഖരണത്തിനോ പോലും മുതിരാതെ വിട്ടയച്ചത്. അതും UAE പൂർണ്ണ സഹകരണം വാഗ്ദാനം ചെയ്ത കേസിൽ . അത്ര സഹകരണം വേണ്ടെന്നാണ് കേന്ദ്ര സർക്കാരിൻ്റെ ഉള്ളിലിരുപ്പ്.ഇന്ത്യ ആവശ്യപ്പെട്ടാൽ UAEക്ക് വേണമെങ്കിൽ പരിമിതപരിരക്ഷയും എടുത്തുകളയാം.

ഇനി പരിമിത പരിരക്ഷ ഉണ്ടെങ്കിൽ പോലും രാജ്യദ്രോഹം ആരോപിക്കപ്പെടുന്ന കേസിൽ ചോദ്യം ചെയ്യാം .വിചാരണ പോലും തീർത്തും അസാദ്ധ്യമല്ല. അപ്പോഴാണ് അറ്റാഷേ രാജ്യം വിട്ടതിനെക്കുറിച്ച് ഒരക്ഷരം പ്രതികരിക്കാൻ പോലും വിദേശമന്ത്രാലയം തയ്യാറാവാത്തത് .അവർക്ക് ഒളിക്കാനും മറയ്ക്കാനും ഏറെ ഉള്ളതുകൊണ്ടാണത്. പ്രതിക്കൂട്ടിൽ കേന്ദ്ര ഗവൺമെൻ്റാണ്. ബി.ജെ.പിയാണ്. നയതന്ത്ര പരിരക്ഷയുടെ പരിദേവനം നടത്തിയവർക്ക് ഞാൻ പറഞ്ഞ കാര്യങ്ങൾ വസ്തുതാപരമായി നിഷേധിക്കാൻ ത്രാണിയുണ്ടെങ്കിൽ അതു ചെയ്യട്ടെ.

നയതന്ത്ര പരിരക്ഷയെക്കുറിച്ച് ക്ലാസെടുത്തവരുടെ അറിവിലേക്ക്. എംബസികളിലെ നയതന്ത്ര ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കും…

Dikirim oleh MB Rajesh pada Kamis, 16 Juli 2020

Content Summary:mb rajeesh mb Facebook post

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button