
വയനാട്: സാധാരണക്കാർക്ക് അടക്കം തുച്ഛമായ ചെലവിൽ അതിവേഗ ഇന്റർനെറ്റ് എത്തിക്കുന്ന സർക്കാന്റെ കെ ഫോൺ പദ്ധതി പുരോഗമിക്കുന്നു. ഡിസംബറോടെ കെ ഫോൺ പദ്ധതി വയനാട്ടിലെ പ്രധാന ഇടങ്ങളിൽ ഏകദേശം പൂർത്തിയാകുമെന്നാണ് റിപ്പോർട്ട്.
കേരളത്തിലെ 20 ലക്ഷത്തോളം വരുന്ന ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യമായും മറ്റ് ആളുകൾക്ക് കുറഞ്ഞ നിരക്കിലും അതിവേഗ ഇന്റർനെറ്റ് ലഭിക്കുന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതിയാണ് കെ ഫോൺ. സംസ്ഥാന ഐ.ടി ഇൻഫ്രാസ്ട്രെക്ച്ചർ ലിമിറ്റഡും വെെദ്യുതി ബോർഡും യോജിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
വൈദ്യുതി പോസ്റ്റുകളിൽ ഒപ്റ്റിക്കൽ കേബിൾ വലിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഏകദേശം 260 കിലോമീറ്ററോളം ഇത് ആയിട്ടുണ്ട്. കണിയാമ്പറ്റ, കൽപ്പറ്റ, മീനങ്ങാടി എന്നീ ഭാഗങ്ങളിലാണ് ജില്ലയിൽ ആദ്യഘട്ടത്തിൽ കെ ഫോൺ കണക്ഷൻ നൽകുക.
ഇന്റർനെറ്റ് എന്നത് പൗരന്റെ അവകാശമായി പ്രഖ്യാപിച്ചാണ് കെ.ഫോൺ പദ്ധതി സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ചത്. കുറഞ്ഞ ചിലവിൽ ഗുണമേന്മയുള്ള നെറ്റ് നൽകുക എന്നാണ് ഈ പദ്ധതിവഴി സർക്കാർ ലക്ഷ്യമിടുന്നത്. കേരളത്തിൽ മൊത്തം 52,000 കിലോമീറ്ററോളം ഫൈബർ ശൃംഖലയാണ് സംസ്ഥാന സർക്കാരിന്റെ നേത്യത്വത്തിൽ ഒരുക്കുന്നത്.