
വയനാട്: വയനാട് എംപി രാഹുലിന്റെ ഓഫിസിന് നേരെ ഉണ്ടായ അക്രമം സിപിഐഎം ഗൗരവത്തോടെ തന്നെയാണ് കാണുന്നതെന്ന് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി ഗഗാറിന്.
എസ്.എഫ്.ഐ പ്രവർത്തകർ കല്പറ്റയിൽ നടത്തിയ മാര്‍ച്ചില്‍ ആരോഗ്യ മന്ത്രിയുടെ സ്റ്റാഫ് അവിഷിത്ത് കെ.ആർ ഉണ്ടായിരുന്നില്ലെന്നും പി ഗഗാറിൻ പറഞ്ഞു.
മാർച്ചിൽ സംഘർഷം ഉണ്ടായെന്നും പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തെന്നും അറിഞ്ഞ് അവിഷിത്ത് സ്ഥലത്ത് എത്തിയതാണെന്നും സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി പറഞ്ഞു
അതേസമയം ഗാന്ധി ചിത്രം എസ്എഫ്ഐക്കാർ ഉടച്ചെന്ന ആരോപണത്തോടും അദ്ദേഹം പ്രതികരിച്ചു.
രാഹുൽ ഗാന്ധിയുടെ ഓഫിസിൽ ചുവരിൽ തൂക്കിയ ഗാന്ധിജിയുടെ ഫോട്ടോ ഉടച്ചത് കോണ്‍ഗ്രസുകാരാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം. എസ്എഫ്ഐക്കാർ പോയ ശേഷം എടുത്ത ഫോട്ടോകളിൽ ഗാന്ധി ചിത്രം ഭിത്തിയിൽ തന്നെ ഉണ്ടായിരുന്നതായും, അതിന് തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“ഈ സംഭവത്തിന് വലിയ മാനങ്ങൾ ഉണ്ടാക്കണം , രാഹുൽ ദേശീയ നേതാവാണ്, അപ്പോൾ മഹാത്മാ ഗാന്ധിയുടെ ചിത്രം എസ്എഫ്ഐക്കാർ ഉടച്ചെന്ന് പറഞ്ഞാൽ കൂടുതൽ വൈകാരികത ലഭിക്കും. അത് കൊണ്ട് ബോധപൂർവ്വം ഗാന്ധിജിയുടെ ചിത്രം കോൺഗ്രസ് പ്രവർത്തകർ തന്നെ നിലത്തിട്ട് ഉടച്ചതാണ്- ഗാഗറിൻ” പറഞ്ഞു.
സുധാകരന്റെ ഇന്നലത്തെ ഭീഷണി പ്രസംഗത്തിനും സിപിഐഎം ജില്ലാ സെക്രട്ടറി മറുപടി നൽകി.
“സുധാകരൻ പറഞ്ഞത് ഞങ്ങള്‍ ഒരു പിടി പിടിച്ചാൽ കേരളത്തിൽ സിപിഐഎം കാർക്ക് പുറത്തിറങ്ങാൻ പറ്റില്ലെന്നാണ് , അത് അഹങ്കാരത്തിന്റെ ഭാഷയാണ്, ഞങ്ങളെ ഒരു പിടി പോയിട്ട് 100 പിടി സുധാകരൻ പിടിച്ചാലും ഞങ്ങളുടെ ഒരു രോമത്തിൽ പോലും തൊടാൻ സുധാകരന് കഴിയില്ല അത് സുധാകരന് ഞങ്ങളെ മനസിലാകാത്തത് കൊണ്ടാണ്”. സുധാകരൻ അഹങ്കാരത്തോടെയാണ് ഇന്നലെ സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു.