
തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ തിരുവനന്തപുരം നഗരത്തിൽ നടന്ന തിരംഗാ യാത്രയിൽ ഹെൽമെറ്റ് വയ്ക്കാതെയും മോട്ടോർ വാഹന നിയമങ്ങൾ പാലിക്കാതെയും ബിജെപി നേതാക്കൾ വാഹനമോടിച്ച് വിവാദത്തിൽ.
കഴിഞ്ഞ ദിവസം നടന്ന തിരംഗാ യാത്രയിൽ ഹെൽമെറ്റ് വയ്ക്കാതെ വാഹനം ഓടിക്കുന്ന ചിത്രങ്ങൾ ബിജെപി നേതാക്കൾ തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്.
ബിജെപിയുടെ സംസ്ഥാന നേതാവ് വിവി രാജേഷ് അടക്കം ഹെൽമെറ്റ് വയ്ക്കാതെ ബുള്ളറ്റ് ഓടിച്ചു പോകുന്ന ചിത്രം ഫേസ്ബുക്കിൽ വൈറലായി മാറിയിട്ടുണ്ട്. രാജേഷ് തന്നെ പ്രസ്തുത ചിത്രം തന്റെ ഫേസ്ബുക്ക് പേജിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.
ടൂവീലറിൽ യാത്ര ചെയ്യുന്ന ആളുകൾക്ക് ഹെല്‍മറ്റില്ലെങ്കില്‍ മോട്ടോര്‍ വാഹന വകുപ്പ് നിയമത്തിലെ 194D പ്രകാരം 500 മതുൽ 1000 രൂപ വരെയാണ് സംസ്ഥാനത്ത് പിഴ ഈടാക്കുന്നത്. ലൈസന്‍സ് 3 മാസം വരെ സസ്‌പെന്‍ഡ് ചെയ്യാനും വ്യവസ്ഥയുണ്ട്.
അതേസമയം നേതാക്കൾക്ക് നിയമം ബാധകമല്ലേ? സാധാരണക്കാരന് മാത്രമാണോ നിയമം ബാധകമെന്നും, പിഴ ഈടാക്കിയോ എന്ന ചോദ്യവുമായി കമെന്റ് ബോക്സിലൂടെ നിരവധി ആളുകൾ രംഗത്ത് എത്തിയിട്ടുണ്ട്.