
കൊച്ചി: സംസ്ഥാനത്ത് നിയമലംഘനം നടത്തി ഓടൂന്ന ടൂറിസ്റ്റ് ബസുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ഹൈക്കോടതി നിർദേശം. നിയമലംഘനം നടത്തി ഓടുന്ന ടൂറിസ്റ്റ് ബസുകൾ നാളെമുതൽ ഓടേണ്ട എന്നും ഹൈക്കോടതി നിർദേശിച്ചു.
ഇത്തരത്തിലുള്ള വാഹനങ്ങൾക്ക് എതിരേയും, ഉടമകൾക്കെതിയും കർശന നടപടി സ്വീകരിക്കാനും ഹൈക്കോടതി മോട്ടോർ വാഹന വകുപ്പിനോട് നിർദേശിച്ചു. ജനങ്ങളുടെ ജീവന് പോലും ഭീഷണിയാകുന്ന ഇത്തരം ആഡംബര ബസുകൾക്കെതിരെ ഒട്ടും തന്നെ സൗമ്യത കാട്ടേണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
നിയമലംഘനം നടത്തി ഓടുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് അടക്കം റദ്ദാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. നിയമ ലംഘനങ്ങൾ തുടരെ ആവർത്തിക്കുന്ന ബസുകളുടെ ഡ്രൈവറുമാരുടെ ലൈസൻസ് അടക്കം വേണ്ടിവന്നാൽ സസ്പെൻഡ് ചെയ്യണമെന്നും കോടതി ചൂണ്ടിക്കാട്ടി.
മോട്ടോർ വാഹന വകുപ്പ് നിയമങ്ങൾ ലംഘിച്ച് ഫിറ്റ് ചെയ്ത ശബ്ദ സംവിധാനങ്ങും, ലേസർ ലൈറ്റകളും ഉള്ള വാഹനങ്ങൾ ക്യാമ്പസിലോ സ്കൂളിലോ പ്രവേശിക്കരുതെന്നും കോടതി പറഞ്ഞു. അതേസമയം ഉയർന്ന ശബ്ദം നൽകുന്ന സബ്വുഫർ അടക്കമുള്ള സൗണ്ട് സിസ്റ്റവും, ലൈറ്റുകളും, വാഹനങ്ങളിൽ വേണമെന്ന് നിർബന്ധം പിടിക്കുന്നത് വിദ്യാർത്ഥികളാണെന്ന് കോടതിയെ അഭിഭാഷകൻ അറിയിച്ചപ്പോൾ.
മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ലേസർ ലൈറ്റുകൾ, കാത് അടപ്പിക്കുന്ന ശബ്ദ സംവിധാനം, എന്നിവ എങ്ങനെ അനുവദിക്കാൻ ആകുമെന്നും കോടതി ചോദിച്ചു. ഇത്തരം ബസ്സുകളിൽ വിദ്യാർഥികൾ ഒരുകാരണവശാലും വിനോദയാത്ര പോകേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി. അപകടങ്ങൾ ആവർത്തിച്ചാൽ കുട്ടികളുടെ രക്ഷിതാക്കളുടെ നിലവിളി ആരുകേൾക്കുമെന്നും ചോദിച്ചു.
നിയമലംഘനം നടത്തിയ ടൂറിസ്റ്റ് ബസുകളെ അടക്കം പ്രോത്സാഹിപ്പിക്കുന്ന വ്ളോഗർമാർക്കെതിരെയും കർശന നടപടി വേണമെന്നും കോടതി ചൂണ്ടിക്കാട്ടി. യൂട്യൂബിൽ അടക്കം ഇത്തരം ബസുകളെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് കോടതിയുടെ ഈ നിർദേശം.
വടക്കഞ്ചേരിയിൽ കഴിഞ്ഞ ദിവസം നടന്ന ബസപകടവുമായി ബന്ധപ്പെട്ട് ഹൈക്കോടതി എടുത്ത കേസിലാണ് നിയമലംഘനം നടത്തുന്ന ബസുകൾക്കെതിരെ കർശന നടപടി എടുക്കാൻ ഉത്തരവ് പുറപ്പെടുവിച്ചത്.
ഇനി മുതൽ വെള്ള നിറം
അതേസമയം ടൂറിസ്റ്റ് ബസുകൾ എല്ലാം തന്നെ വെള്ളനിറത്തിലേക്ക് ഉടൻ തന്നെ മാറേണ്ടിവരുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈയിൽ ആണ് ഏകീകൃത കളർ കോട് നിലവില്‍വന്നത്. തുടർന്ന് ഫിറ്റ്നസ് എടുത്ത വാഹനങ്ങൾക്ക് രണ്ട് വർഷം വരെ സാവകാശം മോട്ടോർ വാഹന വകുപ്പ് നൽകിയിരുന്നു.
എന്നാൽ നിയമലംഘനങ്ങൾക്ക് നിയമപാലകർ തന്നെ കൂട്ടുനിൽക്കുന്നതായി ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ബസുകൾക്ക് നൽകി വന്ന ഇളവുകൾ ഇനിയും നല്‍കേണ്ടതില്ലെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. വരും ദിവസങ്ങളിൽ ഇക്കാര്യം ചർച്ച ചെയ്തു തീരുമാനിക്കുമെന്ന് സൂചന.