
തിരുവനന്തപുരം: നാലുവര്‍ഷത്തിനിടെ കേരളത്തിലെ രാജ്ഭവനിൽ അതിഥിസത്കാരത്തിന് ചിലവഴിച്ചത് 9 ലക്ഷം രൂപയെന്ന് റിപ്പോർട്ട്. ഓരോ വര്‍ഷവും അതിഥികളൂടെ സത്കാരച്ചെലവില്‍ അൻപതിനായിരം രൂപ മുതല്‍ 1ലക്ഷം വരെ വർധനവ് ഉണ്ടായതായും റിപ്പോർട്ട്.
കോവിഡ് വൈസ് ബാധ കേരളത്തെ നിശ്ചലമാക്കിയ 2020-21 വര്‍ഷത്തില്‍ പോലും 2.49 ലക്ഷം രൂപയാണ് രാജ്ഭവൻ അതിഥി സത്കാരത്തിന് വേണ്ടി മാത്രം ചെലവഴിച്ചിരിക്കുന്നത്. അതേസമയം 3.71 ലക്ഷം രൂപയാണ് 2021-2022 വര്ഷത്തതെ അതിഥി സത്കാരത്തിന് രാജ്ഭവൻ ചെലവഴിച്ചിരിക്കുന്നത്.
ഹോസ്പിറ്റാലിറ്റിയെന്ന ഹെഡ്ഓഫ് അക്കൗണ്ടില്‍നിന്നാണ് രാജ്ഭവന് അതിഥിസത്കാരത്തിനും മറ്റുമായി പണം ചെലവഴിക്കുന്നത്. നാലു കൊല്ലം കൊണ്ട് 8,96,494 രൂപയാണ് രാജ്ഭവന് ചിലവഴിച്ചതെന്ന് മാതൃഭൂമിയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കേരള ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന് സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ അതിഥി സത്കാരച്ചെലവിൽ വർഷാവർഷം വര്‍ധനയുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
2019-2020 കാലഘട്ടത്തിൽ 1,98,891 രൂപ ആയിരുന്നു അതിഥി സത്കാരച്ചെലവ്. 2020-2021 ൽ 2,49,956 രൂപയായി വർധിച്ചു. 2021-22 സാമ്പത്തിക വർഷത്തിൽ 3,71,273 രൂപയാണ് അതിഥിസത്കാരത്തിന് രാജ്ഭവൻ ചെലവാക്കിയത്. ഈ സാമ്പത്തിക വർഷം നവംബർ വരെ 76,374 രൂപയാണ് ചിലവഴിച്ചിരിക്കുന്നത്.
റിപ്പബ്ലിക് ദിനത്തിലും സ്വാതന്ത്ര്യദിനത്തിലും അറ്റ് ഹോമെന്ന പേരില്‍ രാജ്ഭവനില്‍ ഗവര്‍ണർ മുൻകാലങ്ങളിൽ വിരുന്ന് നടത്തി വന്നിരുന്നു. കോവിഡ് മൂലം ഈ വിരുന്ന് മുന്‍വര്‍ഷങ്ങളില്‍ നടന്നിരുന്നില്ല. ഇതിനായി സര്‍ക്കാരില്‍നിന്ന് രാജ്ഭവൻ പ്രത്യേകമായി പണം വാങ്ങുകയാണ് രീതി. എന്നാല്‍ ഈ വിരുന്ന് നടക്കാത്ത പശ്ചാത്തലത്തിൽ ഈ പണം മറ്റ് ആവശ്യങ്ങൾക്കായി രാജ്ഭവൻ സംഭാവന നൽകുകയും ചെയ്തിരുന്നു. ഇത് ഉള്‍പ്പെടാതെയാണ് ഇപ്പോൾ പുറത്ത് വന്ന അതിഥി സത്കാരച്ചെലവ്.