
കാസർകോട്: കെ.സുരേന്ദ്രനും, കെ. ശ്രീകാന്തിനുമെതിരെ ഫ്ലക്സ് യുദ്ധവുമായി ബിജെപി അനുഭാവികൾ. ബിജെപി സംസ്ഥാന നേതാക്കളായ ഇരുവർക്കുമെതിരെ ബിജെപി ആർഎസ്എസ് കേന്ദ്രങ്ങളിലാണ് ഫ്ലക്സ് ബാനറുകൾ ഉയർന്നത്.
കാസർകോട് ജില്ലയിലെ കറന്തക്കാട് ജെപി.കോളനിയിലും, പാറക്കട്ട, ഉദയഗിരി എന്നിവടങ്ങളിലെ ബിജെപി സ്വാധീന മേഖലകളിലുമാണ് ഫ്ലക്സ് ബാനറുകൾ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടത്.
സംഘപരിവാർ പ്രവർത്തകനായ ജ്യോതിഷിന്റെ ചരമവാർഷികം ഏതാനും ദിവസങ്ങൾ മുൻപാണ് ആചരിച്ചത്. ബിജെപിയിലെ തന്നെ ചിലർ ജ്യോതിഷിനെ അപമാനിച്ചത് വിവാദമായി മാറിയിരുന്നു. ഇവരെ സംരക്ഷിക്കുന്നത് ബിജെപി സംസ്ഥാന അധ്യക്ഷനും, ശ്രീകാന്തും ആണെന്നാണ് ബോർഡിൽ പറയുന്നത്.
നേതാക്കൾക്കെതിരേ ഫ്ലക്സ് ബോർഡിൽ രൂക്ഷവിമർശമാണ് പ്രവർത്തകർ ഉയർത്തിയത്. സംഭവം വിവാദമായതോടെ ഒരു വിഭാഗം ബിജെപി പ്രവർത്തകർ തന്നെ കോളനിയിലെ ബാനറുകൾ നീക്കി.
ബലിദാനി ജ്യോതിഷിന്റെ ഫോട്ടോയ്ക്ക് ഒപ്പം. ബലിദാനികളെ പരസ്യമായി അപമാനിച്ച ആളുകളെ സംരക്ഷിക്കുന്ന ശ്രീകാന്ത്, സുരേന്ദ്രൻ, എന്നീ സംസ്ഥാന നേതാക്കളെ ദേശീയ നേതൃത്വം. പാർട്ടിയിൽ പുറത്താക്കണമെന്നും ബാനറിൽ എഴുതിയിട്ടുണ്ട്. വിടി. വിജയൻ അടക്കം മൂന്നുപേരുടെ ഫോട്ടോകളും ബാനറിൽ ഉണ്ട്.