
ദില്ലി: കേരളത്തിൽ നിന്ന് ഉയർന്ന റബ്ബർ കർഷകരുടെ മുറവിളിയും. തലശ്ശേരി ആർച്ച് ബിഷപ്പ് പാംപ്ലാനിയുടെ സമ്മർദ്ദവും പ്രസ്താവനയും ഇത്തവണയും ഫലംകണ്ടില്ല.
റബ്ബറിന് താങ്ങുവില ഏർപ്പെടുത്താൻ ആകില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കാർഷിക ഉൽപന്നമായി റബ്ബറിനെ കാണാൻ സാധിക്കില്ലെന്നും അതിനാൽ കാർഷിക ഉത്പന്ന കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.
കാർഷിക വിളകളിൽ 25 എണ്ണത്തിന് മാത്രമാണ് മിനിമം താങ്ങുവിലയെന്നും കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി. ഇടത് എംപി എളമരം കരീമിന് രാജ്യസഭയിൽ നൽകിയ മറുപടിയിലാണ് പിയുഷ് ഗോയാൽ നിലപാട് വ്യക്തമാക്കിയത്.
ഇറക്കുമതി ചെയ്തെടുക്കുന്ന റബ്ബറിനുമേൽ ഇറക്കുമതിതീരുവ നേരത്തെ തന്നെ വർധിപ്പിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
താങ്ങുവില പ്രഖ്യാപിക്കാനുള്ള കാർഷിക ഉത്പന്നങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നതിനുള്ള മാനദണ്ഡങ്ങൾ റബ്ബറിന് ഇല്ലെന്നും പിയുഷ് ഗോയാൽ വ്യക്തതമാക്കി.
കേന്ദ്രസർക്കാർ റബ്ബർ വില 300 രൂപയാക്കിയാൽ ബിജെപിയെ സഭ സഹായിക്കുമെന്നും, ബിജെപിയ്ക്ക് കേരളത്തിൽ നിന്ന് ഒരു എംപിയെ തരാമെന്ന വാഗ്ദാനവും കഴിഞ്ഞ ദിവസം തലശ്ശേരി ബിഷപ്പ് പാംബ്ലാനി മുന്നോട്ട് വെച്ചിരുന്നു.
ഇതിന് പിന്നാലെ കേന്ദ്ര സർക്കാർ റബ്ബറിനെ കാർഷിക വിളകളുടെ കൂട്ടത്തിൽ ഉൾപെടുത്തിയേക്കാമെന്നും. താങ്ങുവില പ്രഖ്യാപിച്ചേക്കമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പിയുഷ് ഗോയാൽ നിലപാട് വ്യക്തമാക്കിയതോടെ റബർ വിലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കില്ലെന്നും, റബർ വിഷയത്തിൽ കേന്ദ്രം കാര്യമായ മാറ്റങ്ങൾ വരുത്തില്ലെന്നും ഉറപ്പായി.