കണ്ണൂർ: സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായി കോൺഗ്രസ് നേതാക്കൾ രംഗത്ത് എത്തിയതിന് പിന്നിലെ. സാമൂഹിക മാധ്യമങ്ങളിൽ കെ സുധാകരന്റെ കൊട്ടാര സമാനമായ വസതിയുടെ വീഡിയോ ദ്രിശ്യങ്ങൾ ചർച്ചയാക്കി സിപിഐഎം പ്രവർത്തകരും.
പന്ത്രണ്ടായിരം ചതുരശ്ര അടിയിൽ അധികം വലുപ്പമുള്ള മഹാസൗധമാണ് കെപിസിസി പ്രസിഡന്റേതെന്ന് ചൂണ്ടിക്കാട്ടി ദേശാഭിമാനി ഓൺലൈനിൽ നൽകിയ വാർത്തയുടെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചാണ് സോഷ്യൽ മീഡിയയിൽ പ്രചാരണം പൊടിപൊടിക്കുന്നത്.
അതിനെ പ്രതിരോധിക്കാൻ പോലും ആകാതെ സൈബർ കോൺഗ്രസ് പ്രവർത്തകർ കുഴയുന്ന കാഴ്ചയാണ് കാണാനാകുന്നത്. കണ്ണൂർ ജില്ലയിലെ എടക്കാട് ആലിങ്കീഴിലാണ് സുധാകരന്റെ 12,247 അടി വിസ്‌തീർണമുള്ള വസതി സ്ഥിതി ചെയ്യുന്നത്. ഔട്ട്‌ഹൗസ് അടക്കം 12,647 ചതുരശ്ര അടി ഉണ്ടെന്നാണ് ദേശാഭിമാനി ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നത്. കുമ്പക്കുടി കെ.സുധാകരൻ, അജിത് എന്നി വ്യക്തികളുടെ പേരിലാണ് ഈ വീട് നിർമിച്ചിരിക്കുന്ന ഭൂമി.
ചതുരശ്രയടിക്ക് 2,000 രൂപ എങ്കിലും ആ കാലത്ത് നിർമാണ ചെലവ് വരുമെന്നാണ് വിദഗ്ധൻ ചൂണ്ടിക്കാട്ടുന്നത്. എങ്കിൽ പോലും ഇതിന് രണ്ടരക്കോടിയിൽ അധികം ചിലവ് വരും. വീടിനുള്ളിൽ ഉപയോഗിച്ചിരിക്കുന്നത് വിലകൂടിയ തേക്കും, തറയിൽ ഉപയോഗിച്ചിരിക്കുന്നത് വില കുടിയ മാർബിളും അടക്കമുള്ളവയാണ് അതിനാൽ നിർമാണ ചെലവ് അടിക്ക് 3000 രൂപ വരെ ആകാമെന്നും ഈ മേഖലയിലെ വിദഗ്ധരായ ആളുകൾ ചൂണ്ടിക്കാട്ടുന്നു.
അതേസമയം നെയ്ത്തുകാരന്റെ മകൻ ആയ കെ സുധാകരന് ഇത്ര വലിയ വീട് നിർമിക്കാനുള്ള പണം എവിടെ നിന്ന് കിട്ടിയെന്ന ചോദ്യവുമായി സോഷ്യൽ മീഡിയയിൽ സിപിഐഎം നേതാക്കൾ അടക്കം രംഗത്ത് എത്തിയിട്ടുണ്ട്. അതേസമയം എംപിയെന്ന നിലയിലും അദ്ധ്യാപികയായ തന്റെ ഭാര്യയുടെ വരുമാനവും, സ്ഥലം വിറ്റ് ലഭിച്ച പണവും വച്ചാണ് താൻ ഈ വീട് പണിതെന്ന് സുധാകരൻ പ്രമുഖ മാധ്യമത്തോട് നേരത്തെ പ്രതികരിച്ചിട്ടുണ്ട്. രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സുധാകരൻ ഇതിനെപ്പറ്റി പ്രതികരിക്കുമെന്നാണ് റിപ്പോർട്ടുകൾ.