
വെറുമൊരു തുന്നൽക്കാരനായിരുന്നു കാഴ്ചക്കാർക്ക് ഉണ്ണിയേട്ടൻ ഇതുവരെ.പഴമക്കാർക്ക് കറകളഞ്ഞാരു കമ്മ്യൂണിസ്റ്റുകാരനും.അടുത്തറിയുന്നവർക്ക് നാടകത്തിനായ് ജീവിച്ചൊരു കലാകാരനും.
ഇന്നിപ്പോൾ ഇതു മാത്രമല്ല ഏറ്റവും ഹിറ്റായ സിനിമയിലെ ഒരെയൊരു മാസ് രംഗത്ത് അഭിനയിച്ച സിനിമാ നടൻ ഉണ്ണികൃഷ്ണനാണ്.പൊന്നാനി പുഴമ്പ്രത്തെ പഴകിയൊരു തുന്നൽക്കടയിലെ അതിനേക്കാളുമേറെ പഴകി ദ്രവിച്ച് വെള്ളകയറിയ ഉണ്ണികൃഷ്ണൻ അഷറഫ് ഹംസ സംവിധാനം ചെയ്ത “തമാശ” എന്ന ഹിറ്റ് സിനിമയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.ഈ സിനിമയിൽ ഒരെയൊരു മാസ് രംഗം അത് ഉണ്ണികൃഷ്ണന് മാത്രമുള്ളതാണ്.നാടകപ്രവർത്തനങ്ങളിലൂടെയാണ് 30 വയസ്സുള്ള ഈ 66കാരൻ സിനിമയിലെത്തിയത്.
സിനിമയിൽ ചിന്നുവിന്റെ (നായിക) സ്കൂട്ടറിടിച്ച് ആശുപത്രിയിലാവുന്ന ഹംസാക്ക ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ കാറിൽ തന്നെ കയറണമെന്ന് വാശിപിടിക്കുകയാണ്.അങ്ങനെ കാറിൽ നാട്ടിൽ വന്നിറങ്ങി നാട്ടാർക്കുമുന്നിലൂടെ സ്ലോ മോഷനിൽ ഒരു വരവുണ്ട്.. തിയേറ്റർ നിറയെ കൈയ്യടി നിറയുന്ന മനോഹരമായൊരു രംഗം.. ഒരായുസ്സിന്റെ അഭിനയ തപസ്യക്കുള്ള കൈയ്യടിയായിരുന്നു അതെന്ന് ഉണ്ണികൃഷ്ണൻ എന്ന ഹംസാക്കയുടെ ജീവിതം സാക്ഷി.
ഉണ്ണികൃഷ്ണന് ഒറ്റ ജീവിതമെയുള്ളൂ..അത് കമ്മ്യൂണിസമാണ്.അതിന്റെ തുടർച്ചയായിരുന്നു നാടകപ്രവർത്തനങ്ങൾ.ഇഴപിരിക്കാനാവാത്ത വിധം കെട്ടുപിണഞ്ഞുകിടക്കുന്ന നാടകവും പാർട്ടി ജീവിതവും.1974ൽ ദിവ്യബലി എന്ന നാടകത്തിൽ അഭിനയിച്ചു. അടിയന്തിരാവസ്ഥകാലത്തും കലാപ്രവർത്തനവും പാർട്ടിപ്രവർത്തനവുമായി എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് ജ്വലിച്ചുനിന്നു. എത്രയോ നാടകങ്ങൾ.. തട്ടകങ്ങൾ.. വേഷങ്ങൾ.. നാടായ നാടെല്ലാം നാടകവും പാർട്ടി പ്രവർത്തനുമായി ഓടി നടന്നൊരു കാലം. 1997 ൽ പ്രശസ്ത കവി പി പി ആറും വിവി രാമകൃഷ്ണനുമെല്ലാം ചേർന്നൊരുക്കിയ കൂട്ടുകൃഷി നാടകത്തിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. എ വി ഹൈസ്കൂളിലെ ഒറ്റ വേദിയിൽനിന്ന് നാല്പതോളം വേദികളാണ് അന്ന് നാടകം കളിച്ചത്. അന്നും ഇന്നും ജീവിക്കാൻ വശമുണ്ടായിരുന്ന തൊഴിൽ തുന്നൽജോലി മാത്രം.. അതാകുമ്പോൾ പാർട്ടിക്കുവേണ്ട കൊടികളും തോരണങ്ങളും തുന്നാം.. ഒപ്പം നാട്ടുകാരുടെ ഷർട്ടും..
ഉള്ളിലെ അഭിനയമോഹത്തിന് മാത്രം നര ബാധിച്ചില്ല.ദേശീയ അവാർഡ് ജേതാവ് പ്രിയനന്ദന്റെ സിനിമയിൽ ചെറിയൊരു വേഷം ലഭിച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല.ഇപ്പോൾ പൊന്നാനിക്കാരൻ അഷറഫ് ഹംസ തമാശ ഒരുക്കിയപ്പോൾ അതിലേ വേശം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോൾ പലരും ഉണ്ണികൃഷ്ണനെ കാണുമ്പോൾ സിനിമാ നടനൊപ്പമെന്ന് പറഞ്ഞ് സെൽഫിയൊക്കെ എടുക്കുന്നുണ്ട്. മുഖത്തെ എപ്പോഴുമുള്ള ആ പുഞ്ചിരി നിറയെ സ്നേഹമാണ്.കണ്ണിൽ കൗതുകവും.തന്റെ അഭിനയം കണ്ട് പ്രശസ്ത കവി പി പി രാമചന്ദ്രൻ അഭിനന്ദിച്ച് എഴുതിയത് തനിക്ക് കിട്ടിയ ഏറ്റവും വലിയ പുരസ്കാരമെന്ന് ഈ കലാകാരൻ അഭിമാനത്തോടെ പറയുന്നു.
( മാധ്യമപ്രവർത്തകനും അധ്യാപകനുമാണ് ലേഖകൻ .9946025819)