
മലയാളത്തിലെ ഏറ്റവും മുതൽ മുടക്കുള്ള സിനിമയായ മാമാങ്കം ചരിത്രത്തോട് നീതി പുലർത്തിയ സിനിമയാണ്. ചരിത്രവും ഭാവനയുമാണ് സിനിമയുടെ കൈമുതൽ.അതിനെ ഏറ്റവും മനോഹരമാക്കി അവതരിപ്പിക്കുന്നതിൽ തിരക്കഥാകൃത്തും സംവിധായകനും വിജയിച്ചിട്ടുണ്ട്. മലയാളസിനിമ ഇന്നുവരെ സ്വപ്നം കാണാത്ത മായികലോകമാണ് ഈ സിനിമ സമ്മാനിക്കുന്നത്.അതുകൊണ്ട് തന്നെ ഓരോ മലയാളിയും നിർബന്ധമായും കണ്ടിരിക്കേണ്ട സിനിമയാണിത്.
ചാവേറുകളുടെ ചോര വീണു ചുവന്ന മാമാങ്കഭൂമിയിലെ ഉശിരും ചൂടും അറിയുന്നതോടൊപ്പം സമാധാനത്തിന് വേണ്ടി വിധിയോടും ആചാരങ്ങളോടും പോരാടുന്ന ചാവേറിനെയും സിനിമ പരിചയപ്പെടുത്തുന്നുണ്ട്.
സാമൂതിരിയെ കൊല്ലാൻ മാമാങ്കത്തറയിലെത്തുന്ന ചന്ദ്രോത്ത് വലിയ പണിക്കരുടെ ( മമ്മൂട്ടി ) പോരാട്ടത്തിലൂടെയാണ് സിനിമ തുടങ്ങുന്നത്. തികഞ്ഞ അഭ്യാസിയായ അയാൾ എല്ലാവരെയും കൊന്ന് സാമൂതിരിക്ക് മുന്നിലെത്തിയിട്ടും രക്ഷപ്പെടുന്നു.
മാമങ്കത്തറയിൽ മരണം വരിക്കാത്ത ആ ചാവേറിനെ വള്ളുവനാട് തള്ളിപ്പറയുന്നു. അങ്ങനെ ചന്ദ്രോത്ത് വലിയ പണിക്കർ വള്ളുവനാട്ടുകാരുടെ അപമാനമാകുന്നു. ഇരുപത്തിനാലു വർഷങ്ങൾക്കു ശേഷം ചന്ദ്രോത്ത് കുടുംബത്തിലെ ഇളമുറക്കാരായ ചന്ദ്രോത്ത് പണിക്കരും ( ഉണ്ണി മുകുന്ദൻ ) ചന്ദ്രോത്ത് ചന്തുണ്ണിയും ( മാസ്റ്റർ അച്യുതൻ ) ചാവേറുകളാകാൻ തുനിഞ്ഞിറങ്ങുന്നിടത്താണ് സിനിമയുടെ രസച്ചരടു മുറുകുന്നത്.ഇവർക്ക് കാര്യങ്ങൾ എളുപ്പമായിരുന്നില്ല
മനോജ് പിള്ളയാണ് ചിത്രത്തിന്റെ സിനിമാറ്റോഗ്രഫി.സാമൂതിരിയുടെ കണക്കില്ലാത്ത പടയോട് എതിരിടുന്ന ഏതാനും ചാവേറുകളുടെ വീര്യവും ചടുലതയും ചോരാതെ സംഘട്ടനരംഗങ്ങള്‍ പകര്‍ത്തിയിട്ടുമുണ്ട് മനോജ് പിള്ള. ശ്യാം കൗശലാണ് ചിത്രത്തിന്റെ ആക്ഷന്‍ ഡയറക്ടര്‍. ആക്ഷന്‍ ‘കൊറിയോഗ്രഫി’ എന്ന് തോന്നിപ്പിക്കാത്ത തരത്തില്‍ ആയോധന രംഗങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട് അദ്ദേഹം. ക്ലൈമാക്‌സിലെ ദൈര്‍ഘ്യമേറിയ മാമാങ്കം പോരാട്ടങ്ങളാണ് സിനിമയുടെ ഏറ്റവും മനോഹര കാഴ്ചകളിലൊന്ന്.
മാമാങ്കം ഒരിക്കലും മമ്മൂട്ടി എന്ന താരത്തെ ചുറ്റിക്കറങ്ങുന്ന സിനിമയല്ല. പോരാട്ടങ്ങൾക്കപ്പുറം ചാവേറുകളാവുന്ന മനുഷ്യരുടെ കഥയാണ് പറയുന്നത്.ഇതിൽ കഥാപാത്രങ്ങൾക്കാണ് പ്രാധാന്യം താരങ്ങൾക്കല്ല.
അച്യുതൻ എന്ന ബാലതാരമാണ് മാമാങ്കത്തിലെ മറ്റൊരു അദ്ഭുതം. പ്രത്യേകിച്ചും ക്ലൈമാക്സ് രംഗങ്ങളിലെ അച്യുതന്റെ അഭ്യാസപ്രകടനം അതിഗംഭീരം. പരിചയസമ്പന്നരായ നടന്മാരെ വെല്ലുന്ന പ്രകടനമാണ് ചിത്രത്തില്‍ അച്യുതന്റേത്. തലച്ചേകവരായി സിദ്ദിഖും ഉണ്ണിമായയായി പ്രാചി തെഹ്‌ലാനും അവരുടെ വേഷങ്ങൾ ഭംഗിയാക്കി. സുരേഷ് കൃഷ്ണ, മണിക്കുട്ടൻ, കവിയൂർ പൊന്നമ്മ, ഇടവേള ബാബു, മാലാ പാർവതി, ഷഫീർ സേഠ്, സുദേവ്, ഇനിയ, മണികണ്ഠൻ തുടങ്ങിയവാണ് മറ്റു താരങ്ങൾ.