
2019 വർഷത്തിൽ രണ്ടു നടന്മാരാണ് മലയാളസിനിമയിൽ തിളങ്ങി നിന്നത്. മമ്മൂട്ടിയും സുരാജും. നമുക്കാദ്യം സുരാജിനെക്കുറിച്ച് പറയാം. നവാഗതനായ പി ആർ അരുൺ സംവിധാനം ചെയ്ത ഫൈനൽസിലെ അച്ഛൻവേഷം: സ്പോർട്സ് കോച്ചും അച്ഛനുമായി അസാധ്യപ്രകടനമാണ് സുരാജ് നടത്തിയത്.ഇമോഷണൽ രംഗങ്ങളിലെ കൈയ്യടക്കം ഏറെ പ്രശംസനീയം. മറ്റൊന്ന് ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ ദേഷ്യക്കാരനായ അച്ഛൻവേഷം.
അസാധ്യപ്രകടനമായിരുന്നു. നവാഗതനായ ജോസഫ് സംവിധാനം ചെയ്ത വികൃതിയിലെ കഥാപാത്രം.ഭിന്നശേഷിക്കാരനായി മികച്ച അഭിനയമാണ് സുരാജ് കാഴ്ചവെച്ചത്.ഈ മൂന്ന് കഥാപാത്രങ്ങളിലെയും പ്രകടനങ്ങൾക്ക് ചില അവാർഡുകളും സുരാജിന് ലഭിച്ചിരുന്നു.മറ്റു അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ഇത്തവണത്തെ സംസ്ഥാന സർക്കാർ പുരസ്കാരം ഒരു പക്ഷെ സുരാജിനെ തേടിയെത്തിയേക്കാം. ഏറ്റവും കൗതുകകരം സുരാജിന്റെ ഈ മികച്ച പ്രകടനങ്ങളെല്ലാം നവാഗതരുടെ സിനിമയായിരുന്നുവെന്നതാണ്. ഹാസ്യനടൻ എന്ന ലേബലിൽനിന്നും പൂർണ്ണമായും മാറിനിന്ന ഈ കഥാപാത്രങ്ങൾ സുരാജിന്റെ അഭിനയശേഷിയെ പൂർണ്ണമായും ഉപയോഗപ്പെടുത്തുന്നതായിരുന്നു.
ഇനി മമ്മൂട്ടി.2019 ന്റെ തുടക്കത്തിൽ തമിഴ് സിനിമയായ പേരൻപിലെ അമുദനായി മമ്മൂട്ടി ഗംഭീരപ്രകടനമാണ് നടത്തിയത്.ഏറെ നിരൂപകപ്രശംസയും പ്രേക്ഷകരുടെ അഭിപ്രായവും നേടിയെടുത്ത ഈ ചിത്രം അന്താരാഷ്ട്ര മേളകളിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.മമ്മൂട്ടിയുടെ അഭിനയ മികവാണ് എല്ലാവരും വാചാലരായത്.
തമിഴ്നാട്ടിൽ ഇതിന് അവാർഡും കിട്ടുകയുണ്ടായി.മമ്മൂട്ടിയിലെ പ്രതിഭയെ ഏറെ നാളുകൾക്കുശേഷം പൂർണാർത്ഥത്തിൽ തിരികെ ലഭിച്ചത് പേരൻപിലൂടെയായിരുന്നു.
തെലുങ്ക് സിനിമയായ യാത്രയിലും മമ്മൂട്ടി ഏറെ പ്രശംസനീയമായ പ്രകടനമാണ് കാഴ്ചവെച്ചത്.തമിഴിലും തെലുങ്കിലും ഒരെ സമയം തിളങ്ങാൻ മമ്മൂട്ടിക്കായി. മറ്റാർക്കും കിട്ടാത്ത ഒരു നേട്ടം മമ്മൂട്ടി ഇങ്ങനെ സ്വന്തമാക്കി.മലയാളത്തിൽ ഉണ്ട.
ഉണ്ടയിലെ മണി എന്ന പോലീസ് കഥാപാത്രം ഏറെ മികച്ചതായിരുന്നു. ചുരുക്കത്തിൽ മമ്മൂട്ടി മൂന്ന് ഭാഷകളിലും ഒരെ സമയം തിളങ്ങിയവർഷമാണ് 2019 .വ്യത്യസ്ഥങ്ങളായ മൂന്ന് വേഷങ്ങൾ മൂന്ന് ഭാഷയിൽ ഒരെസമയം മികച്ചതാക്കാൻ മമ്മൂട്ടിക്ക് കഴിഞ്ഞു.ഒരു കഥാപാത്രത്തിലും മറ്റൊന്നിന്റെ നിഴൽ പോലും കണ്ടെത്താനാവാത്തവിധം.
2019ലെ താരങ്ങൾ മമ്മൂട്ടിയും സുരാജുമാണെന്ന് നിസ്സംശയം പറയാം.
( മാധ്യമപ്രവർത്തകനും അധ്യാപകനുമാണ് ലേഖകൻ.9946025819)