
കൊൽക്കത്ത: ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്ക് ആശംസകൾ നേർന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഇന്ത്യയുടേയും ബംഗാളിന്റേയും അഭിമാനമാണ് താങ്കൾ. ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായുള്ള താങ്കളുടെ ഭരണകാലഘട്ടം ഞങ്ങൾക്ക് അഭിമാനമായിരുന്നു. ഒരു പുതിയ ഇന്നിങ്സിനായി കാത്തിരിക്കുന്നു.
ബിസിസിഐ പ്രസിഡന്റ് സ്ഥാനാർഥിയാകാൻ നാമനിർദേശം നൽകേണ്ട അവസാന തിയതി ഇന്നാണ്. എന്നാൽ പൊതുസമ്മതനായി ഗാംഗുലിയെ പ്രസിഡന്റാക്കാൻ തീരുമാനിച്ചതിനാൽ മറ്റാരും ഈ സ്ഥാനത്തേക്ക് മത്സരിക്കാൻ സാധ്യതയില്ല.
മുംബൈയിൽ ഇന്നലെ ചേർന്ന ബിസിസിഐയുടെ അനൗപചാരിക യോഗത്തിലാണ് ഗാംഗുലിയെ പ്രസിഡന്റാക്കാൻ തീരുമാനിച്ചത്. എൻ.ശ്രീനിവാസന്റെ നോമിനിയായ ബ്രിജേഷ് പട്ടേലിനെ പ്രസിഡന്റാക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് സമവായത്തിലൂടെ ഗാംഗുലിക്ക് നറുക്ക് വീണത്.