fbpx

ഭരണഘടന സംരക്ഷിക്കാൻ കേരളം ഒറ്റക്കെട്ട്; പൗരത്വനിയമത്തില്‍ നയം വ്യക്തമാക്കി; ദേശീയ മാധ്യമങ്ങളിൽ കേരള സർക്കാർ നൽകിയ പരസ്യം രാജ്യത്ത് ചർച്ചയാകുന്നു

തിരുവനന്തപുരം: ഒന്നാമതാണ് കേരളം എന്ന് ഓര്‍മ്മപ്പെടുത്തി ദേശീയ പ്രാദേശിക മാധ്യമങ്ങളില്‍ സംസ്ഥാന സര്‍ക്കാർ നൽകിയ പരസ്യം സോഷ്യൽ മീഡിയയിൽ വെെറൽ. സാമൂഹ്യ വികസന സൂചികകളില്‍ മാത്രമല്ല ഭരണഘടനയുടെ അന്ത:സത്ത ഉയര്‍ത്തിപ്പിടിയ്ക്കുന്നതിലും ഒന്നാമതാണ് കേരളം എന്ന് ഓര്‍മ്മപ്പെടുത്തി ആണ് പരസ്യം.

ഇന്ന്‌ ഡൽഹിയിലും മറ്റും പത്രങ്ങളുടെ ഒന്നാം പേജ്‌ നോക്കുന്ന കേന്ദ്രമന്ത്രിമാർക്കും ബിജെപി നേതാക്കൾക്കും മനസ്സിലാകാത്ത ഒരുപാട്‌ കാര്യങ്ങൾ ആ ചെറിയ പരസ്യത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. “ഒന്നാണ്‌ നമ്മൾ, ഒന്നാമതാണ്‌ നമ്മൾ’ എന്ന്‌ മുഖ്യവാചകമുള്ള പരസ്യം കേരളം രാജ്യത്തിന്‌ വഴികാട്ടുന്നതിനെപ്പറ്റിയും പറയുന്നു. ഒട്ടുമിക്ക പ്രധാന ദേശീയ ദിനപത്രങ്ങളിലും “ഭരണഘടന സംരക്ഷിക്കാൻ കേരളം ഒറ്റക്കെട്ട്‌’ എന്ന പരസ്യം അച്ചടിച്ച്‌ വന്നിട്ടുണ്ട്‌.

പൗരത്വ രജിസ്റ്ററിലേക്ക് നയിക്കുന്ന എന്‍പിആര്‍ കേരളം നിര്‍ത്തിവെച്ചു എന്ന കാര്യവും പരസ്യത്തില്‍ ഓര്‍മ്മപ്പെടുത്തുന്നു. പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കിയതിൽ കേരള സർക്കാരിനും നിയമസഭക്കും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും കക്ഷി രാഷ്‌ട്രീയ ഭേദമന്യേ അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു. കേരളം അംഗീകാരം നേടുന്നത്‌ ഇഷ്‌ടപ്പെടാത്ത ഉത്തരേന്ത്യൻ സംഘ്‌ ബെൽറ്റിൽ ജീവിക്കുന്നവരടക്കം കേരളത്തോടുള്ള ഇഷ്‌ടം തുറന്നെഴുതി. കേരളത്തോട്‌ വിരോധമുള്ളവർക്കുള്ള മറുപടിയാണ്‌ സർക്കാർ കൈക്കൊണ്ട നിലപാടുകൾ വിശദീകരിച്ചുള്ള പരസ്യം.

പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭയില്‍ പ്രമേയം പാസ്സാക്കുകയും, ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇതിനെതിരെ പരസ്യമായി രംഗത്ത് വരികയും ചെയ്തതിന് പിന്നാലെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി ദേശീയ മാധ്യമങ്ങളില്‍ അടക്കം സര്‍ക്കാര്‍ പരസ്യം നല്‍കിയിരിക്കുന്നത്. ഒന്നാണ് ഒന്നാമതാണ് നമ്മള്‍ എന്ന തലക്കെട്ടോട് കൂടിയാണ് പരസ്യം. ഭരണഘടനയെ സംരക്ഷിക്കാന്‍ കേരള ഒറ്റക്കെട്ടെന്ന് പരസ്യത്തില്‍ വ്യക്തമാക്കുന്നുണ്ട്.

പൗരത്വ നിയമത്തിനെതിരെ പ്രതിപക്ഷവുമായി യോജിച്ച് പ്രമേയം പാസ്സാക്കിയ ആദ്യ നിയമസഭ, തടങ്കല്‍ പാളയം, റേഷന്‍ കാര്‍ഡ് നിഷേധം തുടങ്ങിയ ഭീഷണികള്‍ ഉയര്‍ന്നപ്പോള്‍ ജനങ്ങളുടെ ആശങ്കയകറ്റാന്‍ ഉറച്ച് കാല്‍വെയ്പ്പ് നടത്തിയ സര്‍ക്കാർ തുടങ്ങിയ കാര്യങ്ങളും പരസ്യത്തില്‍ പറയുന്നുണ്ട്.

അതേസമയം ദേശീയ മാധ്യമങ്ങളിൽ കേരള സർക്കാർ നൽകിയ പരസ്യം രാജ്യത്ത് ആകമാനം ചർച്ചയാകുകയാണ്. പരസ്യം ട്വിറ്റ് ചെയ്ത് ട്വിറ്റിൽ അടക്കം നിരവധി ആളുകൾ രംഗത്ത് എത്തിയിട്ടുണ്ട്. ഭരണകൂട ഭീകരതയ്ക്ക് എതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന സംസ്ഥാനമാണ് കേരളം എന്നും. ഏതൊക്കെ മേഖലയിൽ കേരളം ഒന്നാമത് എത്തി എന്നും ഈ ഒറ്റപരസ്യം കൊണ്ട് രാജ്യത്തെ ജനങ്ങൾക്ക് ആകെ മനസിലാക്കി കൊടുത്തു.

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button