
മുംബൈ: ദീപിക പദുക്കോണിന് പിന്തുണയുമായി ശിവസേന നേതാവ് സഞ്ജയ് റാവുത്ത്. താലിബാൻ രീതി ഇന്ത്യയിൽ നടക്കില്ലെന്നും ദീപികയെയും സിനിമയെയും ബഹിഷ്കരിക്കാനുള്ള ആഹ്വാനം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
നടിയേയും കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രമായ ചപാകിനെയും ബഹിഷ്കരിക്കാൻ ബി.ജെ.പി നേതാക്കൾ ആഹ്വാനം ചെയ്ത സാഹചര്യത്തിലാണ് റാവുത്തിന്‍റെ പ്രതികരണം.
അതേസമയം, വെള്ളിയാഴ്ച റിലീസ് ചെയ്ത ചപാക് മികച്ച അഭിപ്രായവുമായി തിയറ്ററുകളിൽ നിറഞ്ഞോടുകയാണ്. രണ്ട് ദിവസം കൊണ്ട് 11.67 കോടി രൂപയാണ് ചിത്രം നേടിയത്. ആസിഡ് ആക്രമണത്തിനിരയായ യുവതിയുടെ അതിജീവനമാണ് സിനിമയുടെ ഇതിവൃത്തം.
ജെ.എൻ.യുവിൽ എ.ബി.വി.പി ഗുണ്ടകളുടെ ആക്രമണത്തിനിരയായ വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദീപിക എത്തിയതോടെയാണ് ബി.ജെ.പി നേതാക്കൾ ബഹിഷ്കരണ ആഹ്വാനവുമായി രംഗത്തെത്തിയത്. എന്നാൽ, ദീപികയെ പിന്തുണച്ചും നിരവധി പേർ എത്തിയതോടെ ഇത് രാഷ്ട്രീയ വിവാദമായി മാറുകയായിരുന്നു.