
വാഷിങ്ടൺ: പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ പ്രതികരണവുമായി മൈക്രോസോഫ്റ്റ് സി.ഇ.ഒ. സത്യ നാദെല്ല. അമേരിക്കയിലെ മാൻഹാട്ടനിൽ നടന്ന മൈക്രോ സോഫ്റ്റിന്റെ ഒരു പരിപാടിക്കിടെ, ബസ് ഫീഡ് എഡിറ്റർ ഇൻ ചീഫ് ബെൻ സ്മിത്തിനോടായിരുന്നു നാദെല്ലയുടെ പ്രതികരണം.
സംഭവിച്ചു കൊണ്ടിരിക്കുന്നത് ദുഃഖകരമാണെന്നാണ് ഞാൻ വിചാരിക്കുന്നത്. ഇത് ദൗർഭാഗ്യകരമാണ്- നാദെല്ല പറഞ്ഞു. നാദെല്ലയുടെ വാക്കുകൾ ട്വിറ്ററിലൂടെ ബെൻ സ്മിത്ത് പങ്കുവെച്ചിട്ടുമുണ്ട്.
ബംഗ്ലാദേശിൽനിന്ന് ഇന്ത്യയിലെത്തുന്ന കുടിയേറ്റക്കാരൻ അടുത്ത യൂണികോൺ സൃഷ്ടിക്കുന്നതോ അല്ലെങ്കിൽ ഇൻഫോസിസിന്റെ അടുത്ത സി.ഇ.ഒ. ആകുന്നതോ കാണാൻ തനിക്ക് ആഗ്രഹമുണ്ടെന്നും നാദെല്ല കൂട്ടിച്ചേർത്തു.
പിന്നാലെ മൈക്രോസോഫ്റ്റ് ഇന്ത്യയുടെ ട്വിറ്റർ ഹാൻഡിലിലൂടെ സത്യ നാദെല്ല പ്രസ്താവന ഇറക്കുകയും ചെയ്തു. എല്ലാ രാജ്യങ്ങളും തങ്ങളുടെ അതിർത്തി നിർവചിക്കുകയും ദേശീയ സുരക്ഷ ഉറപ്പാക്കുകയും യോജിക്കുന്ന കുടിയേറ്റ നയം നടപ്പാക്കുകയും വേണം. ജനാധിപത്യ രാഷ്ട്രങ്ങളിൽ ഈ വിഷയങ്ങൾ അതത് സർക്കാരുകളും ജനങ്ങളും ചേർന്ന് ചർച്ച ചെയ്ത് തീരുമാനിക്കുന്നതാണ്. ഞാൻ രൂപപ്പെട്ടിരിക്കുന്നത് എന്റെ ഇന്ത്യൻ പാരമ്പര്യത്തിലൂടെയും സാംസ്കാരിക വൈവിധ്യമുള്ള ഇന്ത്യയിൽ വളർന്നതിലൂടെയും യു.എസിലെ എന്റെ കുടിയേറ്റ അനുഭവങ്ങളിലൂടെയുമാണ്.