
ന്യൂഡൽഹി: ഭീം ആർമി മേധാവി ചന്ദ്രശേഖർ ആസാദ് പൗരത്വ നിയമവുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച ജുമാ മസ്ജിദ് പാക്കിസ്ഥാനിലല്ലെന്നും പ്രതിഷേധം ഭരണഘടനാവകാശമാണെന്നും ഡൽഹി തീസ് ഹസാരി കോടതി. പ്രതിഷേധത്തെ പൊലീസ് കൈകാര്യം ചെയ്ത രീതിയെ അതിരൂക്ഷമായി കോടതി വിമർശിച്ചു.
പാക്കിസ്ഥാനിലാണെന്ന രീതിയിലാണ് പൊലീസ് പെരുമാറുന്നത്. പാക്കിസ്ഥാനാണെങ്കിൽ പോലും അവിടെ പോകാം, പ്രതിഷേധിക്കാം. പാക്കിസ്ഥാൻ ഇന്ത്യയുടെ ഭാഗമായിരുന്നുവെന്നും ജസ്റ്റിസ് കാമിനി ലാവു പറഞ്ഞു. ജാമ്യാപേക്ഷ തള്ളണമെന്നു വാദിക്കാൻ പബ്ലിക് പ്രോസിക്യൂട്ടർ ശ്രമിക്കുന്നതിനിടെയായിരുന്നു കോടതിയുടെ രൂക്ഷവിമർശനം.
ചന്ദ്രശേഖറിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടതിയുടെ പ്രതികരണം. പ്രതിഷേധത്തിനു മുൻകൂർ അനുമതി വാങ്ങണമെന്നു പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടിയതിനെയും കോടതി വിമർശിച്ചു. നിരോധനാജ്ഞ പൊലീസ് തെറ്റായി പ്രയോഗിക്കുന്നത് പലതവണ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണെന്നു കോടതി ഓർമിപ്പിച്ചു.
സമൂഹമാധ്യമങ്ങളിൽ ചന്ദ്രശേഖർ നടത്തിയ ആഹ്വാനമായിരുന്നു ഇതിന് പ്രോസിക്യൂട്ടറുടെ മറുപടി. അതിൽ എന്താണ് തെറ്റെന്നു കോടതിയും. മതസ്ഥാപനങ്ങളുടെ പരിസരത്തു പ്രതിഷേധിക്കുന്നത് വിലക്കുന്ന ഏതു നിയമമാണുള്ളതെന്നു ചോദിച്ച കോടതി പ്രോസിക്യൂട്ടർ ഭരണഘടന ഒന്നെടുത്തു വായിക്കണമെന്നും പറഞ്ഞു.