
ന്യൂഡൽഹി: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് ജാമ്യം അനുവദിച്ചു. ഡൽഹി തീസ് ഹസാരി കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അഡീഷണൽ സെഷൻസ് ജഡ്ജി കാമിനി ലോയാണ് ജാമ്യാപേക്ഷയിൽ വിധി പറഞ്ഞത്.ഡൽഹിയിൽ സമരങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ടെങ്കിൽ ഒരു മാസത്തേക്ക് വിട്ട് നിൽക്കണം.
അടുത്ത നാല് ആഴ്ചത്തേക്ക് ചന്ദ്രശേഖർ ആസാദ് ഡൽഹിയിൽ ഉണ്ടാകാൻ പാടില്ല. ഈ ആഴ്ചകളിലെ എല്ലാ ശനിയാഴ്ചയും യുപിയിലെ സഹറൻപുർ പോലീസ് സ്റ്റേഷനിൽ എത്തി ഒപ്പിടണം. അതിന് ശേഷം കുറ്റപത്രം സമർപ്പിക്കുന്നത് വരെ എല്ലാ മാസത്തിലേയും അവസാന ശനിയാഴ്ച സ്റ്റേഷനിലെത്തണം. ചികിത്സക്കായി ഡൽഹിയി വരേണ്ടതുണ്ടെങ്കിൽ പോലീസിനെ അറിയിക്കണം. തുടങ്ങിയ ഉപാധികളാണ് കോടതി മുന്നോട്ട് വെച്ചത്.
ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നതിനിടെ ഡൽഹി പോലീസിനെതിരെ കോടതി രൂക്ഷ വിമർശനം നടത്തിയിരുന്നു. പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടനാപരമാണെന്ന് കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി. ചന്ദ്രശേഖർ മുൻപ് കുറ്റകൃത്യങ്ങളിൽ പങ്കാളിയായിട്ടുണ്ട്. ജാമ്യാപേക്ഷ പരിഗണിക്കുന്നപോൾ ഇക്കാര്യങ്ങൾ കൂടി പരിഗണിക്കണമെന്ന് പ്രോസിക്യൂട്ടർ ഇന്ന് ചൂണ്ടിക്കാട്ടി. ധർണ നടത്താൻ അനുമതി തേടിക്കൊണ്ട് അദ്ദേഹം ഇ-മെയിൽ അയച്ചിരുന്നെങ്കിലും അനുമതി നൽകിയിരുന്നില്ലെന്നും പ്രോസിക്യൂട്ടർ പറഞ്ഞു.