
മുംബൈ: മഹാരാഷ്ട്രയിൽ പുതുതായി നിർമാണം പുരോഗമിക്കുന്ന അബേദ്കർ പ്രതിമയുടെ ഉയരം വീണ്ടും വർധിപ്പിക്കാൻ മന്ത്രിസഭാ തീരുമാനം. ഇന്ത്യയുടെ ഭരണഘടന ശിൽപിയായ ഡോ. ബിആർ അബേദ്കറോടുള്ള ആദരസൂചകമായി 250 അടി ഉയരത്തിലുള്ള പ്രതിമ നിർമിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്, ഇതാണിപ്പോൾ 350 അടിയായി ഉയർത്തിയത്. ഇതിനൊപ്പം പ്രതിമയുടെ തറ ഉയരം 100 അടി കൂടി ചേരുമ്പോൾ ആകെ 450 അടി ഉയരത്തിലാണ് അംബോദ്കർ പ്രതിമ സ്ഥാപിക്കുക. ദാദറിലെ ഇന്ദു മിൽ പ്രദേശത്താണ് പ്രതിമയുടെ നിർമാണം പുരോഗമിക്കുന്നത്.
പ്രതിമയുടെ ഉയരം 100 അടികൂടി വർധിപ്പിക്കാനുളള മുംബൈ മെട്രോപൊളിറ്റൻ വികസന അതോറിറ്റിയുടെ നിർദ്ദേശം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലാണ് അംഗീരിച്ചത്. ഉയരം വർധിപ്പിച്ചതിലൂടെ ആകെ 1100 കോടി രൂപയുടെ ചിലവാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്നതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ നിശ്ചയിച്ച 350 അടി ഉയരപ്രകാരം മുൻ സർക്കാർ 700 കോടി രൂപയായിരുന്നു പദ്ധതിക്കായി കണക്കാക്കിയിരുന്നത്.
അടുത്ത രണ്ട് വർഷത്തിനുള്ളിൽ അംബേദ്കർ പ്രതിമയുടെ നിർമാണം പൂർത്തീകരിക്കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വ്യക്തമാക്കി. ഇക്കാര്യത്തിൽ കഴിഞ്ഞ സർക്കാർ നടത്തിയ പോലെ രാഷ്ട്രീയക്കളിക്ക് ഞങ്ങളില്ല. അംബേദ്കർ പ്രതിമ നിർമിക്കുമെന്ന് ഉറപ്പ് പറഞ്ഞവരാണ് മുൻസർക്കാർ. എന്നാൽ ഇതിനായി കേവലം ഭൂമീപൂജ മാത്രമാണ് അവർ നടത്തിയതെന്നും അജിത് പവാർ ആരോപിച്ചു.