
ചണ്ഡിഗഢ്: പൗരത്വ ഭേദഗതി നിയമത്തിനെതിരേ പഞ്ചാബ് നിയമസഭയിൽ പ്രമേയം പാസാക്കി. രണ്ട് ദിവസത്തേക്ക് ചേർന്ന പ്രത്യേക നിയമസഭാ സമ്മേളത്തിലാണ് പഞ്ചാബ് പ്രമേയം പാസാക്കിയത്. ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി ബ്രാം മൊഹീന്ദ്രയാണ് വെള്ളിയാഴ്ച സഭയിൽ പ്രമേയം അവതരിപ്പിച്ചത്.
പൗരത്വ ഭേദഗതിക്കെതിരേ നിയമസഭയിൽ പ്രമേയം പാസാക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് പഞ്ചാണ്. കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബിൽ നിയമത്തിനെതിരേ പ്രമേയം കൊണ്ടുവരുമെന്ന് നേരത്തെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് വ്യക്തമാക്കിയിരുന്നു.
ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങൾക്കും മതേതര അടിത്തറയ്ക്കും എതിരാണ് പൗരത്വ ഭേദഗതി നിയമമെന്ന് പ്രമേയത്തിൽ പഞ്ചാബ് വ്യക്തമാക്കി. നേരത്തെ കേരളവും നിയമത്തിനെതിരേ സമാനമായ പ്രമേയം പാസാക്കിയിരുന്നു. പ്രമേയത്തിന് പിന്നാലെ സിഎഎ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് അനുച്ഛേദം 131 പ്രകാരം കേരള സർക്കാർ കേന്ദ്രത്തിനെതിരേ സുപ്രീംകോടതിയിൽ പ്രത്യേക സ്യൂട്ടും ഫയൽ ചെയ്തിരുന്നു.