
ബെംഗളൂരു: കളിയിക്കാവിള കൊലപാതകത്തിന്‍റെ മുഖ്യസൂത്രധാരനും അൽ ഉമ്മ നേതാവുമായ മെഹബൂബ് പാഷ അറസ്റ്റിൽ. ബെംഗളൂരു ഗുരപ്പനപ്പാളയയിൽ നിന്നാണ് മഹബൂബ് പാഷ പിടിയിലായത്. ഇയാളുടെ സംഘത്തിൽപെട്ട ജബിയുളള, മൻസൂർ ഖാൻ, അജ്മത്തുളള എന്നിവരും അറസ്റ്റിലായി.
ഇയാളെയും മൂന്ന് കൂട്ടാളികളെയും ബെംഗളൂരു പൊലീസാണ് അറസ്റ്റ് ചെയ്തത്. കളിയിക്കാവിള പ്രതികൾ ഉൾപ്പെട്ട അൽ ഉമ്മയുടെ പതിനേഴംഗ സംഘത്തെ നയിച്ചത് മെഹബൂബ് പാഷയാണെന്ന് പൊലീസ് പറഞ്ഞു. പ്രത്യേക എൻഐഎ കോടതി ഇവരെ പത്ത് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
കളിയിക്കാവിളയിൽ എഎസ്ഐ വിൽസണെ വെടിവച്ച് കൊന്ന കേസിലെ പ്രതികൾ ഉൾപ്പെട്ട സംഘത്തെ നയിച്ചത് മഹബൂബ് പാഷയാണെന്നാണ് പൊലീസ് പറയുന്നത്. ഐഎസിൽ ചേർന്ന ശേഷം മടങ്ങിയെത്തിയ മെഹബൂബ് പാഷ മൊയ്നുദ്ദീൻ ഖ്വാജയുമായി ചേർന്ന് അൽ ഉമ്മയുടെ പ്രവർത്തനം ഏറ്റെടുത്തെന്ന് എഫ്ഐആറിലുണ്ട് എന്ന് ആണ് റിപ്പോർട്ടുകൾ.