
ന്യൂഡൽഹി: പൗരത്വനിയമ ഭേദഗതിക്കെതിരെ വ്യാപക പ്രതിഷേധം അരങ്ങേറുന്നതിനിടെ ഡൽഹി പോലീസിന് പ്രത്യേക അധികാരം നൽകി കേന്ദ്രസർക്കാർ. ദേശീയ സുരക്ഷാ നിയമം നടപ്പിലാക്കാൻ ഡൽഹി പോലീസ് കമ്മീഷണർക്ക് അനുമതി നൽകിക്കൊണ്ട് ലെഫ്റ്റണന്റ് ജനറൽ അനിൽ ബയ്ജാൽ ഉത്തരവിറക്കി.
ദേശീയ സുരക്ഷാ നിയമപ്രകാരം ദേശീയ സുരക്ഷക്കും ക്രമസമാധാനത്തിനും ഒരു വ്യക്തി ഭീഷണിയാണെന്ന് അധികാരികൾക്ക് തോന്നിയാൽ അയാളെ മാസങ്ങളോളം ഒരു കുറ്റവും ചുമത്താതെ തടങ്കലിലാക്കാൻ പോലീസിന് സാധിക്കും. ഈ അധികാരമാണ് ഡൽഹി പോലീസിന് ലഭിച്ചിരിക്കുന്നത്.
ജനുവരി 19 മുതൽ ഏപ്രിൽ 18 വരെയുള്ള കാലവയളവിലാണ് ഈ അധികാരം ഉപയോഗിക്കുന്നതിന് ലെഫ്റ്റണന്റ് ഗവർണർ അനുമതി നൽകിയിരിക്കുന്നത്. ദേശീയ സുരക്ഷാ നിയമപ്രകാരം ആളുകളെ തടഞ്ഞുവെക്കാനുള്ള അധികാരവും ഡൽഹി പോലീസ് കമ്മീഷണർക്ക് നൽകിയിട്ടുണ്ട്.
പൗരത്വനിയമ ഭേദഗതി, എൻ.ആർ.സി എന്നിവക്കെതിരെ ഡൽഹിയിൽ തുടർച്ചയായി പ്രതിഷേധം അരങ്ങേറുന്നതിനിടെയാണ് ഡൽഹി പോലീസിന് പ്രത്യേക അധികാരം നൽകിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. അതേസമയം, ഇതിൽ അസ്വാഭാവിക ഒന്നുമില്ലെന്നാണ് ഡൽഹി പോലീസ് പറയുന്നത്. ഓരോ മൂന്ന് മാസം കൂടുമ്പോഴും ഇത്തരം ഉത്തരവുകൾ ഉണ്ടാകാറുണ്ട്. പതിവ് രീതിയുടെ ഭാഗമാണിത്. നിലവിലെ സാഹചര്യങ്ങളുമായി ഇതിന് ബന്ധമില്ലെന്നും ഡൽഹി പോലീസ് അറിയിച്ചു.