
തിരുവനന്തപുരം: കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. കേരളത്തിന് പറ്റിയ ദുരന്തമാണ് രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റ് അംഗമായി ഇവിടെ നിന്നും തെരഞ്ഞെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
ഒട്ടേറെ മികച്ച നേട്ടങ്ങള്‍ കൈവരിച്ച നാടാണ് കേരളം. പക്ഷെ കേരളം ചെയ്ത ഏറ്റവും വിനാശകരമായി കാര്യം രാഹുല്‍ ഗാന്ധിയെ ഇവിടെ നിന്നും തെരഞ്ഞെടുത്തതാണ്. 2024ല്‍ രാഹുല്‍ ഗാന്ധിയെ വീണ്ടും തെരഞ്ഞെടുക്കുക എന്ന അബദ്ധം മലയാളികള്‍ ചെയ്താല്‍ അത് നരേന്ദ്ര മോദിക്ക് ഉപകാരമാവുകയാകും ചെയ്യുക എന്ന് അദ്ദേഹം കോഴിക്കോട് നടന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ‘ദേശസ്‌നേഹവും തീവ്രദേശസ്‌നേഹവും’ എന്ന വിഷയത്തില്‍ സംസാരിച്ചപ്പോൾ വ്യക്തമാക്കി.
രാഹുല്‍ ഗാന്ധിയോട് വ്യക്തിപരമായി ഒരു വിരോധവുമില്ലെന്നും. മാന്യനായ വ്യക്തിയാണ് അദ്ദേഹമെന്നും. പക്ഷെ ഇന്ത്യയിലെ യുവജനതക്ക് രാജകുടുംബത്തിലെ അഞ്ചാം തലമുറക്കാരനെയല്ല ആവശ്യം എന്നും ഗുഹ അഭിപ്രായപ്പെട്ടു. രാഹുല്‍ ഗാന്ധിക്ക് കഠിനാധ്വാനിയും സ്വന്തം പ്രവര്‍ത്തനങ്ങളിലൂടെ ഉയര്‍ന്നു വന്നവനുമായ നരേന്ദ്ര മോദിക്കെതിരെ നില്‍ക്കാന്‍ കഴിയില്ലെന്നും ഗുഹ പറഞ്ഞു.
സ്വാതന്ത്ര്യസമര കാലഘട്ടത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ പ്രസ്ഥാനത്തില്‍ നിന്നും ദയനീയമായ ഒരു കുടുംബ വ്യവസായമായി കോണ്‍ഗ്രസ് അധപതിച്ചതാണ് ഹിന്ദുത്വവാദവും തീവ്രദേശസ്‌നേഹവും ഇന്ത്യയില്‍ ഉയര്‍ന്നുവരാനുള്ള കാരണങ്ങളിലൊന്നെന്നും ഗുഹ ചൂണ്ടിക്കാട്ടി.
ഇന്ത്യ ഫ്യൂഡല്‍ വ്യവസ്ഥയില്‍ നിന്നും ജനാധിപത്യവ്യവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് സോണിയ ഗാന്ധിയടക്കമുള്ളവര്‍ തിരിച്ചറിയുന്നില്ലെന്ന് പറഞ്ഞ ഗുഹ, സോണിയ ഗാന്ധി ശിങ്കിടികള്‍ പറയുന്നതും വിശ്വസിച്ച താനിപ്പോഴും ബാദ്ഷാ തന്നെയാണെന്ന് കരുതി ജീവിക്കുകയാണെന്നും ഗുഹ കുറ്റപ്പെടുത്തി.