
ന്യൂഡൽഹി: ഡൽഹിയിലെ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്ക് വൻ തിരിച്ചടി നൽകി ആംആദ്മി പാർട്ടി. മുൻമന്ത്രിയും നാലുതവണ ബിജെപി എംഎൽഎയുമായ ഹർഷൻ സിംഗ് ആം ആദ്മിയിൽ ചേർന്നു. തന്റെ മണ്ഡലമായ ഹരി നഗറിൽ നിന്നും നിരവധി ആളുകൾ ആം ആദ്മി പാർട്ടിയിൽ ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാഭ്യാസ മേഖലയിലടക്കം അരവിന്ദ് കേജരിവാൾ സർക്കാർ ഉണ്ടാക്കിയ പുരോഗതിയെയും അദ്ദേഹം പ്രശംസിച്ചു. ആരോഗ്യ മേഖലയിൽ കെജരിവാൾ സർക്കാർ ഉണ്ടാക്കിയ നേട്ടങ്ങളും അദ്ദേഹം എടുത്തു പറഞ്ഞു.
ആം ആദ്മി പാർട്ടി അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളിന് സാന്നിധ്യത്തിലാണ് അദ്ദേഹം ആം ആദ്മി പാർട്ടിയിൽ അംഗത്വം എടുത്തത്. ലോകത്തിനുമുന്നിൽ ഡൽഹിയെ രാജ്യത്തെ ഒന്നാം നമ്പർ ആക്കാൻ കഠിനാധ്വാനം ചെയ്യുന്ന ഒരാളുടെ ഒപ്പം പ്രവർത്തിക്കാൻ സാധിച്ചതിൽ സന്തോഷിക്കുന്നെന്നും ഹർഷൻ സിംഗ് മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.