
ഉത്തർപ്രദേശ്: ഡോക്ടർ കഫീൽ ഖാനെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന് ആരോപിച്ചാണ് യുപി പോലീസ് മുംബൈയിലെത്തി കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തത്.
അലിഗഢ് മുസ്‌ലിം സര്‍വകലാശാലയില്‍ പൗരത്വ നിയമത്തിനെതിരെ അദ്ദേഹം നടത്തിയ പ്രസംഗം പ്രകോപനപരമാണെന്ന് എഫ്.ഐ.ആറില്‍ പറയുന്നതെന്ന് ചില ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
കഫീല്‍ ഖാന്‍ കഴിഞ്ഞ ഡിസംബര്‍ 12ന് ആണ് സിഎഎക്കെതിരെ അലിഗഢ് സര്‍വകലാശാലയില്‍ പ്രസംഗിച്ചത്. പ്രസംഗം നടത്തിയിട്ട് ഏകദേശം രണ്ടു മാസം ആകുമ്പോളാണ് പോലീസ് അറസ്റ്റ് ചെയ്തത് എന്നതാണ് ഇതിലേ ഏറ്റവും കൗതുകകരമായ സംഭവം.
യുപിയിലെ ഗൊരഖ്പൂർ മെഡിക്കല്‍ കോളജില്‍ 60 ഓളം കുട്ടികൾ ഓക്സിജന്‍ വിതരണം നിലച്ചതിനെതുടര്‍ന്ന് മരണപ്പെട്ട വാർത്ത പുറത്തു വന്നതോടെയാണ് ഖഫീൽ ഖാനെ രാജ്യം അറിഞ്ഞത്.
അന്ന് സ്വന്തമായി പണം മുടക്കി ഓക്സിജന്‍ സിലിണ്ടറുകള്‍ ആശുപത്രിയിലെത്തിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയ വാർത്ത പുറംലോകം അറിഞ്ഞതോടെ യോഗി സർക്കാരിന്റെ കണ്ണിലെ കരടാകുകയായിരുന്നു അദ്ദേഹം. പിന്നീട് പലവിധ കാരണങ്ങളാൽ സസ്‌പെൻഷനിലായ കഫീൽ ഖാനെ ഒന്പത് മാസത്തോളമാണ് പോലീസ് ജയിലിലടച്ചത്.