
ന്യൂഡൽഹി: ചാണക സിദ്ധാന്തവുമായി വീണ്ടും ഹിന്ദു മഹാസഭ രംഗത്ത്. ലോകം ഭയത്തോടെ നോക്കികാണുന്ന കൊറോണോ വൈറസ് ബാധയ്ക്ക് വ്യത്യസ്തമായ ചികിത്സാ വാദവുമായി ഹിന്ദുമഹാസഭാ അധ്യക്ഷൻ സ്വാമി ചക്രപാണി മഹാരാജ് രംഗത്തുവന്നിരിക്കുകയാണ്.
രോഗബാധ ഗോമൂത്രവും ചാണകവും ഉപയോഗിച്ച് ചികിത്സിച്ചു മാറ്റാമെന്നാണ് ഹിന്ദു മഹാസഭ നേതാവ് ചക്രപാണിയുടെ വാദം. വൈറസിനെ ഇല്ലാതാക്കാൻ ഇതുകൂടാതെ പ്രത്യേക യജ്ഞം നടത്തുമെന്നും ചക്രപാണി മഹാരാജ് വ്യക്തമാക്കിയതായി.
ഗോമൂത്രവും ചാണകവും ഭക്ഷിക്കുന്നത് രോഗബാധ തടയുമെന്നും. മന്ത്രം ജപിക്കുന്നതും ശരീരത്തിൽ ചാണകം തേക്കുകയും വൈറസ് ബാധ തടയുമെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. ലോകമാകമാനം ഭീഷണിയായ കൊറോണ വൈറസിനെ ഇല്ലാതാക്കാൻ പ്രത്യേക യജ്ഞം നടത്തുമെന്നും ചക്രപാണി പറഞ്ഞു.
ലോകാരോഗ്യ സംഘടന അടക്കം കൊറോണയെ ചികിത്സിക്കാനും പ്രതിരോധിക്കാനും പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ നിലനിൽക്കെയാണ് ഇത്തരം വാദങ്ങൾ ഇന്ത്യയിൽ നിന്ന് ഉയർന്നുവരുന്നത്. ഹിന്ദു മഹാസഭ നേതാവിനെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയയിൽ നിരവധി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. ഈ സമയത്തെങ്കിലും വിഡ്ഢിത്തം പറച്ചിൽ അവസാനിപ്പിക്കണമെന്ന് സോഷ്യൽ മീഡിയ പറയുന്നു.