
ന്യൂഡല്‍ഹി: ദില്ലിയിൽ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നിരാശപ്പെടുത്തി പുതിയ സർവേ പ്രവചനവും പുറത്ത്. എബിപി ന്യൂസ് ചാനലിന്റെ -സി വോട്ടർ സർവ്വെയാണ് ആംആദ്മി പാർട്ടിയ്ക്ക് വൻ വിജയം പ്രവചിക്കുന്നത്. ദില്ലിയിൽ ആകെയുള്ള എഴുപത് സീറ്റില്‍ ആംആദ്മി പാർട്ടി 56 സീറ്റുവരെ നേടാന്‍ സാധ്യതയുണ്ടെന്നാണ് സര്‍വേ പറയുന്നത്.
10 മുതല്‍ 24 സീറ്റുകളാണ് ബിജെപിക്ക് സർവേ പ്രവചിക്കുന്നത്. മുൻപ് ദില്ലി ഭരിച്ച കോണ്‍ഗ്രസിന് 0 മുൽ 4 സീറ്റാണ് എബിപി-സി വോട്ടർ സർവ്വെ പ്രവചിക്കുന്നത്. ടൈംസ് നൗവിന്റെ സർവേയിലും ആംആദ്മി പാർട്ടിയ്ക്ക് വൻ വിജയമാണ് പ്രചരിപ്പിക്കുന്നത്.
പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾ ബിജെപിക്ക് വൻ തിരിച്ചടി തന്നെ ഉണ്ടാക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പൗരത്വ വിഷയം ദില്ലിയിലെ പ്രചാരണത്തിൽ ബിജെപിക്ക് കിട്ടേണ്ട മാധ്യമ ശ്രദ്ധതന്നെ ഇല്ലാതാക്കിയതായാണ് കാണാനായത്. ബിജെപി നേതാക്കൾ വർഗീയ കാർഡിറക്കിയതും, നേതാക്കളുടെ വിവാദ പരാമർശവും തിരിച്ചടിയായി.
തുടക്കം മുതലെ ബിജെപി ക്യാമ്പിൽ ഒരാവേശവും ദൃശ്യമല്ലായിരുന്നു. എന്നാൽ ദില്ലി തെരുവുകളെ ഇളക്കിമറിച്ചാണ് കെജ്രിവാളിന്‍റെ റോഡ് ഷോകൾ നടന്നത്. ആശുപത്രിയും, വിദ്യാഭ്യാസവും, സ്ത്രീകൾക്കുള്ള ബസ് യാത്രയും ജനങ്ങളിൽ ചർച്ചയായി മാറിയപ്പോൾ. മറുപടി പറയാനില്ലാതെ കേജരിവാളിനെ തീവ്രവാദിയെന്നുവിളിച്ച് അതിക്ഷേപിക്കുകയും.സമരക്കാർക്കെതിരെ രൂക്ഷ വിമർശവുമാണ് ബിജെപി നേതാക്കൾ നടത്തിയത്.