
ദില്ലി: ലൗ ജിഹാദുമായി ബന്ധപെട്ട വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെകൊണ്ട് പാര്‍ലമെന്‍റില്‍ സത്യം പറയിച്ച ചോദ്യം ഉന്നയിച്ച കോൺഗ്രസ് എംപി ബെന്നിബഹനാനെ അഭിനന്ദിച്ച് ബോളിവുഡ് നടി സ്വരഭാസ്കര്‍. ഡൽഹിയിലെ തെരഞ്ഞെടുപ്പ് സമയത്തുപോലും കേന്ദ്രസർക്കാരിനെ കൊണ്ട് സത്യം പറയിച്ചെന്നും. അതിന് വലിയ നന്ദിയുണ്ട് എന്നും സ്വര ട്വിറ്ററിലൂടെ വ്യക്തമാക്കി.
ലോക്സഭയിൽ ബെന്നി ബഹനാൻ എം പി ചോദിച്ച ചോദ്യത്തിന് കഴിഞ്ഞ ദിവസമാണ് കേന്ദ്രസർക്കാർ മറുപടി നൽകിയത്. സംസ്ഥാനത്ത് ഇതുവരെ ലൗ ജിഹാദ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിഷൻ റെഡ്ഡിയാണിക്കാര്യം അറിയിച്ചത്.
കേരളത്തിൽ ലൗ ജിഹാദുണ്ടെന്ന വാദവുമായി സിറോ മലബാര്‍ സഭ രംഗത്തെത്തിയിരുന്നു. ഇത് വിവാദമായ പശ്ചാത്തലത്തിലാണ് ബെന്നി ബഹനാൻ എംപി ലോക്സഭയിൽ ഇതുസംബന്ധിച്ച ചോദ്യം ഉന്നയിച്ചത്. അതേസമയം സിറോ മലബാര്‍ സഭയുടെ വാദത്തെ തള്ളി കേരള സർക്കാരും രംഗത്തെത്തിയിരുന്നു. സംസ്ഥാന സർക്കാരിൻറെ വാദം ശരിവയ്ക്കുന്നതാണ് കേന്ദ്ര റിപ്പോർട്ടും.