
ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യോഗി ആദിത്യനാഥിന്
പെരുമാറ്റച്ചട്ടം ലംഘിച്ചതിൽ ഡൽഹി തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് അയച്ചു. ഡൽഹിയിലുള്ള ബാദർപുർ നിയോജക മണ്ഡലത്തിൽ പ്രചാരണത്തിനിടെയാണ് യുപി മുഖ്യൻ യോഗി വിവാദ പ്രസ്താവന നടത്തിയത്.
ഷഹീൻബാഗിലെ പ്രതിഷേധക്കാർക്ക് അരവിന്ദ് കെജ്രിവാൾ ബിരിയാണി നൽകുന്നുവെന്ന പരാമർശമാണ് യുപി മുഖ്യമന്ത്രി നടത്തിയത്. അതേസമയം യോഗി ആദിത്യനാഥിനോട് ഈമാസം 7ന് വൈകിട്ട് 5 മണിക്കകം വിശദീകരണം നൽകണമെന്നാണ് കമ്മീഷൻ നിർദേശിച്ചത്. 70 അംഗ ഡൽഹി നിയമസഭയിലേക്ക് ഫെബ്രുവരി 8നാണ് തിരഞ്ഞെടുപ്പ് നടക്കുക.
കഴിഞ്ഞ ദിവസം പുറത്തുവന്ന സർവ്വേയിലടക്കം അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആംആദ്മി പാർട്ടി വൻ വിജയം നേടുമെന്നാണ് മിക്ക പ്രവചനങ്ങളും. ബിജെപിയ്ക്ക് കനത്ത തോൽവിയാണ് മിക്ക ചാനലുകളും പ്രവചിച്ചത്. അതേസമയം ദില്ലി ഭരിച്ച കോൺഗ്രസ് ഏറിയാൽ 0 മുതൽ 4 സീറ്റുവരെ നേടാമെന്നുമാണ് പ്രവചനം.